മൂന്നാം സീറ്റില്‍ തീരുമാനം ഇന്ന്; വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ലീഗ്
|എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ പത്ത് മണിക്കാണ് യോഗം
മലപ്പുറം: മുസ്‍ലിം ലീഗിന്റെ അധിക സീറ്റിൽ തീരുമാനം ഇന്നുണ്ടാകും. കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ പത്ത് മണിക്കാണ് യോഗം. ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. കെ.പി.സി. സി പ്രസിഡൻ്റ് കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ എന്നിവർ കോൺഗ്രസിൽ നിന്നും , മുസ്‍ലിം ലീഗിൽ നിന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി , സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ഉറച്ച് നിൽക്കുകയാണ്. പുതുതായി സീറ്റ് നൽകുകയാണെങ്കിൽ അത് ഏതായിരിക്കും എന്നതിലും ഇന്നത്തെ ചർച്ചയിൽ തീരുമാനമുണ്ടാകും. രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. നീതിപൂർവമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കാനാണ് ലീഗ് നീക്കം. അതിനാൽ ലീഗിനെ പിണക്കുന്ന നിലപാടിലേക്ക് കോൺഗ്രസ് പോകാൻ ഇടയില്ല. ഇന്നത്തെ യോഗതീരുമാനത്തിന് ശേഷമായിരിക്കും യു.ഡി.എഫ് യോഗം നിശ്ചയിക്കുക. 27 ന് ലീഗ് യോഗം ചേരും.