കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗ് ഹൈക്കോടതിയെ സമീപിക്കും
|സിനിമക്കെതിരെ ലീഗ് ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സിനിമക്കെതിരെ ലീഗ് ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കും. കേരള സ്റ്റോറി പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നത് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബിജെപി സർക്കാരിന് കീഴിലെ ഏജൻസികൾ ആണ് അന്വേഷണം നടത്തിയതെന്നും പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമെന്നും പി.എം.എ സലാം പറഞ്ഞു.
കേരളത്തെ ഉത്തരേന്ത്യ ആയി മാറ്റാനുള്ള ശ്രമമാണ്. ഇവിടെ കാലുറപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണ്. ഇത് മുമ്പ് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കും എന്നല്ല പറയേണ്ടത്, പ്രവർത്തിച്ചാണ് കാണിക്കേണ്ടതെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മതിയോ അധികാരമില്ലേയെന്നും സലാം ചോദിച്ചു. സിനിമയിൽ ഉപയോഗിച്ച വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാട് എന്താണെന്നും അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കേരള സ്റ്റോറി' നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.