Kerala
Muslim League will fight against detention camps in Assam: ET Muhammad Basheer MP, latest news malayalam,അസമിൽ മുസ്‌ലിംകളെ തടങ്കൽ പാളയത്തിൽ തള്ളിയതിനെതിരെ മുസ്‌ലിം ലീ​ഗ് പോരാടും: ഇ.ടി മുഹമ്മദ് ബഷീർ എംപി
Kerala

അസമിൽ മുസ്‌ലിംകളെ തടങ്കൽ പാളയത്തിൽ തള്ളിയതിനെതിരെ മുസ്‌ലിം ലീ​ഗ് പോരാടും: ഇ.ടി മുഹമ്മദ് ബഷീർ എംപി

Web Desk
|
4 Sep 2024 7:01 PM GMT

രാജ്യത്തെ മുസ്‌ലിം സമൂഹം അരക്ഷിതരാണെന്ന് കാണിക്കുന്നതിന്റെ അവസാനത്തെ തെളിവാണിതെന്നും ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്: അസമിലെ ബാർപേട്ട ജില്ലയിലെ മുസ്‌ലിംകളായ 28 പേരെ വിദേശികളാണെന്ന് ആരോപിച്ച് തടങ്കൽ പാളയത്തിലേക്ക് മാറ്റിയത് ഞെട്ടിപ്പിക്കുന്നതാണെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയമായും നിയമപരമായും മുസ്‌ലിം ലീ​ഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി.

കൊടിയ അനീതിയും ജനാധിപത്യ മതേതര വിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നതുമാണിത്. പൊലിസ് സ്‌റ്റേഷനിൽ ഒപ്പിടാനുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം 50 കിലോമീറ്റർ അകലെയുള്ള ഗോൾപാറ ജില്ലയിലുള്ള ട്രാൻസിറ്റ് കാമ്പിലേക്ക് കൊണ്ടുപോയത് തികഞ്ഞ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ്.

അവരെ ബസിലാക്കി കൊണ്ടുപോകുന്ന ആ കാഴ്ച്ചയും അവരുടെ നിലവിളികളും മനസ്സ് പിടയ്ക്കുന്നതാണ്. രാജ്യത്തെ മുസ്‌ലിം സമൂഹം എത്രത്തോളം അരക്ഷിതരാണെന്ന് കാണിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. അസമിൽ സിഎഎ നടപ്പിലാക്കിയതിന്റെ ഫലമായാണ് ഈ ഭരണകൂട ഭീകരത അരങ്ങേറുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന മുസ്‌ലിം ലീ​ഗ് കേസ്സ് സുപ്രീം കോടതിയിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ കിരാത നടപടി.

രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളെ ഉന്നമിട്ട് പൗരത്വ നിയമം ഭേദഗതി നടത്തിയപ്പോൾ ഉന്നയിച്ചവയെല്ലാം വസ്തുതയാണെന്ന് തെളിയിക്കുന്നതാണ് സംഭവം. രാജ്യത്തിന്റെ ഭരണഘടനക്കോ ജനാധിപത്യവാഴ്ച്ചക്കോ നീതിന്യായ വ്യവസ്ഥക്കോ നിരക്കാത്ത മനുഷ്യത്വഹീനമായ നടപടിയായിപ്പോയി. ഇത്തരം ചെയ്തികളിലൂടെ രാജ്യത്തെ മുസ്‌ലിംകളെ ഭയപ്പെടുത്താമെന്ന വ്യാമോഹം ഇന്ത്യൻ ഭരണഘടനയുള്ളിടത്തോളം ചെറുത്ത് തോൽപ്പിക്കുമെന്നും ഇ.ടി മുന്നറിയിപ്പ് നൽകി.

Similar Posts