അഞ്ചു തവണ മാറ്റിവെച്ച മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ഹരിത വിവാദം ഉൾപ്പടെ ചർച്ചയാകും
|മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള മുസ്‌ലിം ലീഗിന്‍റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ചേരുന്നത്
മുസ്‍ലിം ലീഗിന്‍റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മലപ്പുറം മഞ്ചേരി യൂണിറ്റി കോളേജിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവന്ന് നാല് മാസത്തിനു ശേഷമാണ് പ്രവർത്തകസമിതി ചേരുന്നത്.
മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുശേഷമുള്ള മുസ്ലിം ലീഗിന്‍റെ ആദ്യപ്രവർത്തക സമിതി യോഗമാണ് ചേരുന്നത്. നേരത്തെ അഞ്ചു തവണ മാറ്റിയ യോഗത്തിൽ പോഷക സംഘടന ഭാരവാഹികളടക്കം 150ഓളം പേർ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളുമടക്കം പത്തംഗ ഉപസമിതിയുടെ പ്രവർത്തന നയരേഖ നിർദേശങ്ങളിലാകും പ്രധാന ചർച്ച. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകളും ചർച്ചയാകും.
ഹരിത വിവാദം, മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം ഉൾപ്പെടെ ലീഗ് രാഷ്ട്രീയത്തിൽ ഉയർന്ന സമകാലിക രാഷ്ടീയ വിവാദങ്ങളും യോഗത്തില്‍ ചർച്ച ആയേക്കും. തളിപ്പറമ്പിൽ മുസ്‍ലിം ലീഗ് സമാന്തര കമ്മറ്റി രൂപീകരിച്ച സാഹചര്യവും ചർച്ചയാകും .