മുസ്ലിം പ്രീണന പരാമർശത്തിൽ വെളളാപ്പളളിക്കെതിരെ മുസ്ലിം സംഘടനകള്‍; പ്രതികരിക്കാതെ സി.പി.എം
|പ്രചാരണം തെറ്റെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തിവിടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു
കോഴിക്കോട്: മുസ്ലിം പ്രീണനം സംബന്ധിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് അമർഷം. പ്രചരണം തെറ്റെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തിവിടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിനൊപ്പമുള്ള നാഷണല്‍ലീഗ് ഉള്‍പ്പെടെ രംഗത്തുവന്നിട്ടും ഈ വിഷയത്തില്‍ സർക്കാരോ സി.പി.എമ്മോ ഇതുവരെ പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള വെള്ളാപ്പള്ളി നടേശന്റെ ഈ പ്രതികരണമാണ് മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. അർഹമായ പല അവകാശങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കെ ഈ പ്രസ്താവന മുസ്ലിം സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുസ്ലിം സംഘടനകളുടെ അഭിപ്രായം.
വെള്ളാപ്പള്ളിയുടെ പ്രസ്താനയില് പ്രതിഷേധിച്ച് നവോത്ഥാന സമിതിയില്‍ നിന്ന് രാജിവെച്ച ഹുസൈന് മടവൂരിനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചതും മുസ്ലിം സംഘടനകള്‍ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. എൽഡിഎഫിനൊപ്പമുള്ള നാഷണല്‍ ലീഗടക്കം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നു.
രണ്ട് സമുദായങ്ങള്‍ തമ്മിലെ തർക്കമായി വിഷയം മാറിയിട്ടും മുസ്ലിംപ്രീണനാരോപണത്തില് സർക്കാർ പ്രതിനിധികളോ സി.പി.എമ്മോ ഇതുവരെ പ്രതികരിക്കാത്തതും ചർച്ചയാകുന്നുണ്ട്. വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തം സംബന്ധിച്ച കണക്കുകള്‍ സർക്കാർ പുറത്തുവിട്ടാല്‍ തന്നെ അനാവശ്യ പ്രചാരണങ്ങള്‍ അവസാനിക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്. സർക്കാരും സി.പി.എമ്മും മൗനം തുടരുന്നത് സാമൂഹികസാഹചര്യം കൂടുതല്‍ മോശമാകാനേ ഉപകരിക്കൂ എന്നും മുസ്ലിം സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നൽകി.