Kerala
Difficulty in voting and election duty; Muslim organizations are demanding that the Lok Sabha elections on Friday be postponed

പ്രതീകാത്മക ചിത്രം

Kerala

വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും ബുദ്ധിമുട്ട്; വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് മാറ്റണമെന്ന് മുസ്‌ലിം സംഘടനകൾ

Web Desk
|
17 March 2024 1:04 AM GMT

ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതും വെള്ളിയാഴ്ചയാണ്

കോഴിക്കോട്: വെള്ളിയാഴ്ച ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‌ലിം ലീഗും മറ്റു മുസ്‌ലിം സംഘടനകളും. പോളിങ് ജോലിക്ക് നിയോഗിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും അസൗകര്യം സൃഷ്ടിക്കുമെന്നും മുസ്‌ലിംവോട്ട് കുറയാൻ ഇടയാക്കുന്നതാണ് നടപടിയെന്നും വിമർശനം. തിയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാനും ലീഗ് തീരുമാനിച്ചു.

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 26 ന് വെള്ളിയാഴ്ചയാണ്. ഇസ്‌ലാം മത വിശ്വാസികൾ ജുമുഅ പ്രാർഥന നിർവഹിക്കുന്ന വെള്ളിയാഴ്ച പൊതുവെ തെരഞ്ഞെടുപ്പ് നടത്താറില്ല. തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ് സാമഗ്രികൾ തിരിച്ചേൽപ്പിക്കാതെ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ജുമുഅ നമസ്‌കാരത്തിന് തടസ്സം നേരിടും. ഇതേ അവസ്ഥയാണ് രാഷ്ട്രീയ പാർട്ടികളുടെ പോളിങ് ഏജന്റുമാർക്കും ബൂത്ത് ഏജന്റുമാർക്കും. സ്ഥാനാർഥികൾ ഉൾപ്പെടെ വിശ്വാസികളായ രാഷ്ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ വലിയ പ്രയാസം ഇത് സൃഷ്ടിക്കും. ഇതിനുമപ്പുറം മുസ്‌ലിം വിഭാഗത്തിന്റെ വോട്ടിങ് കുറയാനും വെള്ളിയാഴചയിലെ വോട്ടെടുപ്പ് കാരണമാകുമെന്നാണ് കരുതുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ലീഗ് തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കേരള മുസ്‌ലിം ജമാഅത്തും ആവശ്യപ്പെട്ടു. എസ്‌കെഎസ്എസ്എഫ്, വിസ്ഡം, മെക്ക തുടങ്ങി സംഘടനകളും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതും വെള്ളിയാഴ്ചയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 28ന്. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്. നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ മെയ് 13നും അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ഒഡീഷയിൽ നാല് ഘട്ടങ്ങളായും (മെയ് 13, മെയ് 20, മെയ് 25, ജൂൺ ഒന്ന് ) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും.

97 കോടി വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.


Similar Posts