മുസ്‍ലിം സംഘടനകൾ മുനമ്പത്ത് കഴിയുന്ന മനുഷ്യർക്കൊപ്പം; പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണം-പി.കെ കുഞ്ഞാലിക്കുട്ടി
|'എന്ത് കിട്ടിയാലും വർഗീയവൽക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. സർക്കാർ സമയത്ത് ഇടപെട്ടില്ലെങ്കിൽ അത്തരക്കാർക്ക് ഗുണമാകും.'
മലപ്പുറം: മുനമ്പം ഭൂമി വിഷയത്തിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടരുത്. വർഗീയശക്തികൾ നടത്തുന്ന അനാവശ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന മുസ്‍ലിം സംഘടനാ നേതാക്കളുടെ യോഗത്തിൽ അവിടെ കഴിയുന്നവർക്ക് അനുകൂലമായ നിലപാടാണു സ്വീകരിച്ചതെന്നും സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും സംഘടനകളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന മുസ്‍ലിം സംഘടനാ യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്ന മനുഷ്യർക്ക് അനുകൂലമായ നിലപാടാണ് യോഗം കൈകൊണ്ടത്. അവർക്ക് നിയമപരമായ പരിരക്ഷ കൊടുക്കണം. അവിടെ കഴിയുന്നവരിൽ കൂടുതലും സാധാരണക്കാരാണ്. അവർക്ക് കിടപ്പാടം നഷ്ടപ്പെടരുത്. നിയമപരമായി അത് ചെയ്യേണ്ട ഉത്തരവാദിത്തം അധികാരികൾക്കാണ്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും മുസ്‌ലിം സംഘടനകളുടെ പൂർണ പിന്തുണയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
''സാഹചര്യം ഇങ്ങനെയായിരിക്കെ ചില വർഗീയശക്തികൾ അനാവശ്യ പ്രചാരണം നടത്തുകയാണ്. ഈ പ്രചാരണം അവസാനിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിൽ ആത്മാർഥത കാണിക്കുകയാണു വേണ്ടത്. സർക്കാർ വിചാരിച്ചാൽ പ്രശ്‌നം അവസാനിപ്പിക്കാം. പ്രശ്‌നപരിഹാരത്തിനു സർക്കാർ മുൻകൈയെടുത്താൽ മതി.
പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കാൻ എല്ലാ മുസ്‌ലിം സംഘടനകളും തയാറാണ്. സർക്കാർ ഇത് നീട്ടിക്കൊണ്ടുപോകുന്നത് പാടില്ലാത്ത സംഗതിയാണ്. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, സർക്കാർ വരുത്തുന്ന കാലതാമസം മറ്റു ശക്തികൾക്ക് തെറ്റായ പ്രചാരണത്തിന് ഇടം നൽകും.''
കോടതിക്കു പുറത്തുള്ള തീർപ്പാക്കൽ സാധ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സർക്കാർ വിചാരിച്ചാലേ ഇത് നടക്കൂ. ഈ ഭൂമിയിൽ താമസിക്കുന്നവർ ഈ പ്രശ്‌നത്തിന് ഉത്തരവാദിയല്ല. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അമാന്തം വർഗീയ പ്രചാരണത്തിന് ഇടയാക്കുകയാണ്. ഒരു ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്‌നമാണിത്. എന്തിനാണു നീട്ടിക്കൊണ്ടുപോകുന്നത്?-അദ്ദേഹം ചോദിച്ചു.
ബിഷപ്പുമാരുമായും സഭാ അധ്യക്ഷന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവിടത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. എല്ലാവരും പ്രശ്‌നപരിഹാരത്തിനായാണു നീങ്ങുന്നത്. എന്ത് കിട്ടിയാലും വർഗീയവൽക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടർ നിൽക്കുന്നു. ഇവർക്ക് പൂരം കിട്ടിയാലും പെരുന്നാൾ കിട്ടിയാലും അങ്ങനെ തന്നെയാണ്. സർക്കാർ സമയത്ത് ഇടപെട്ടില്ലെങ്കിൽ അത്തരക്കാർക്ക് ഗുണമാകും. ബിജെപി ഇന്ത്യയിൽ ഒട്ടാകെ നടപ്പാക്കുന്ന തന്ത്രമാണു വിഭജനം സൃഷ്ടിക്കൽ. അതാണിപ്പോൾ കേരളത്തിലും പരീക്ഷിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
Summary: Muslim organizations are with the people who live at Cherai Munambam; Government should intervene to solve the problem-PK Kunhalikutty