ചെറായി വഖഫ് ഭൂമി: പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണം-എംഎസ്എസ്
|'അനധികൃത കൈയേറ്റക്കാരായ ചില തൽപരകക്ഷികൾ രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനുതകുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണം അഴിച്ചുവിടുകയാണ്. ചെറായി പോലുള്ള തീരപ്രദേശങ്ങളിൽ റിസോർട്ട് മാഫിയകളും വർഗീയത വളർത്തുന്നുണ്ട്.'
കോഴിക്കോട്: ചെറായി വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രശ്‌നപരിഹാരത്തിനായി സർക്കാർ ഇടപെടണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി(എംഎസ്എസ്) ആവശ്യപ്പെട്ടു. മുക്കാൽ നൂറ്റാണ്ട് മുമ്പ് ഫാറൂഖ് കോളജിന്റെ പ്രവർത്തന ചെലവുകൾക്ക് വേണ്ടി വഖഫ് ചെയ്യപ്പെട്ടതാണ് ചെറായി ബീച്ചിലെ 404 ഏക്കർ ഭൂമി. അന്യാധീനപ്പെട്ട സാഹചര്യത്തിൽ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ അത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തുകയും തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്നു സർക്കാരിനു ശിപാർശ നൽകുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വഖഫ് ബോർഡ് നിയമാനുസൃതമായ നടപടി സ്വീകരിച്ചുവരികയാണെന്നും എംഎസ്എസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോൾ അനധികൃത കൈയേറ്റക്കാരായ ചില തൽപരകക്ഷികൾ രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനുതകുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണം അഴിച്ചുവിടുകയാണ്. വഖഫ് സംവിധാനത്തിനും പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനും ദോഷകരമായ പ്രവർത്തനങ്ങളാണ് ഇവർ ചെയ്യുന്നത്. സംഘ്പരിവാർ സംഘടനകളും ക്രിസംഘികളും നിർദിഷ്ട വഖഫ് ഭേദഗതി നിയമത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കാനും രണ്ടു പ്രബലസമുദായങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കാനും വളരെ ആസൂത്രിതമായി പ്രവർത്തിക്കുകയാണ്.
വളരെ സെൻസിറ്റീവായ ചെറായി പോലുള്ള തീരപ്രദേശങ്ങളിൽ റിസോർട്ട് മാഫിയകളും വർഗീയത വളർത്തുകയാണ്. ഇത്തരം വർഗീയ ശക്തികളെ നിലയ്ക്കു നിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എംഎസ്എസ് നേതാക്കളായ ഡോ. പി. ഉണ്ണീൻ, എൻജിനീയർ പി. മമ്മത് കോയ എന്നിവർ ആവശ്യപ്പെട്ടു.
Summary: Muslim Service Society demands government intervention in the Cherai Waqf land disputes