മുസ്ലീം യൂത്ത് ലീഗ്; മുനവ്വറലി തങ്ങളും പികെ ഫിറോസും തുടരാന്‍ ധാരണ, വനിതാ പ്രാതിനിധ്യത്തില്‍ അന്തിമ തീരുമാനമായില്ല
|എംഎസ്എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഫാത്തിമ തഹ്ലിയയേയും മുന്‍ ഹരിത നേതാക്കളേയും സഹഭാരവാഹിത്വത്തില്‍ കൊണ്ടുവരാന്‍ നീക്കമുണ്ട്
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് മുനവ്വറലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പികെ ഫിറോസും തുടരാന്‍ ധാരണ. ട്രഷറര്‍ അടക്കമുള്ള മറ്റു പദവികളില്‍ പുതുമുഖങ്ങള്‍ കൂടുതലായി വരും. എംഎസ്എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഫാത്തിമ തഹ്ലിയയേയും മുന്‍ ഹരിത നേതാക്കളേയും സഹഭാരവാഹിത്വത്തില്‍ കൊണ്ടുവരാന്‍ നീക്കമുണ്ട്.
പുതിയ സംസ്ഥാന കമ്മറ്റി ഈ മാസം 23നു വരാനിരിക്കെ യൂത്ത് ലീഗിനെ ആരൊക്കെ നയിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. നിലവിലെ സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും തുടരട്ടേയെന്നാണ് ലീഗ് നേത്യത്വത്തിന്‍റെ നിലപാട്. പ്രായപരിധി കഴിഞ്ഞ ട്രഷറര്‍ എംഎ സമദ് മാറും. നജീബ് കാന്തപുരം വഹിക്കുന്ന സീനിയര്‍ വൈസ് പ്രസിഡന്‍റ് എന്ന പദവി പുതിയ കമ്മിറ്റിയിലുണ്ടാവില്ല.
യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് 17 ഭാരവാഹികളെന്നത് ഇത്തവണ 11 ആകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാതിരുന്നാല്‍ ഫാത്തിമ തഹ്ലിയ, നജ്മ തബ്ഷീറ, മുഫീദ തെസ്നി എന്നിവരില്‍ രണ്ടു പേരെ സഹഭാരവാഹികളാക്കാനുള്ള ചര്‍ച്ചകളും അണിയറിലുണ്ട്.