പ്രകോപന മുദ്രാവാക്യങ്ങളുമായി പേരാമ്പ്രയിൽ വി.എച്ച്.പി മാർച്ച്; തടഞ്ഞ് യൂത്ത് ലീഗ്, പ്രതിഷേധം
|ഇന്നലെ പേരാമ്പ്രയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി ബി.ജെ.പി നടത്തിയ മാർച്ചിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ലീഗ് പ്രവർത്തകരുടെ പ്രകടനം
കോഴിക്കോട്: പേരാമ്പ്രയിൽ വി.എച്ച്.പി നടത്തിയ മാർച്ച് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. ഹലാൽ ബീഫ് വിഷയത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു വി.എച്ച്.പി പ്രകടനം. പൊലീസെത്തി ഇരുസംഘങ്ങളെയും പിരിച്ചുവിട്ടു.
ഹലാൽ ബീഫ് വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണിൽ ബി.ജെ.പി പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാർച്ചിയിൽ ഉയർന്നത്. വലിയ തോതിൽ പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങൾ പ്രദേശത്ത് നടക്കുന്നതായുള്ള പരാതി ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നു വൈകീട്ട് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ടൗണിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തി വീണ്ടും പ്രകടനം നടന്നത്. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകീട്ട് അഞ്ചരയോടെയാണ് പ്രകടനം ആരംഭിച്ചത്. ഇതിൽ പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിലെ വിഷയം ഉന്നയിച്ചതിനു പുറമെ പാണക്കാട് തങ്ങൾക്കെതിരെയും മുദ്രാവാക്യം ഉയർന്നു. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തിയത്.
പ്രകടനം മാർക്കറ്റിൽ എത്തുമ്പോഴാണ് യൂത്ത് ലീഗ് പ്രവർത്തകർ സംഘടിച്ച് തടഞ്ഞത്. ഇത്തരം പ്രകോപനപരമായ പ്രകടനങ്ങൾ തടയാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ തങ്ങൾ നേരിട്ടെത്തി തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. തുടർന്ന് പൊലീസെത്തി വി.എച്ച്.പി മാർച്ച് തടയുകയായിരുന്നു. സംഘർഷാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ട്.
ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസൂൺ, ഹരികുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രസൂൺ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ബി.ജെ.പി പ്രകടനം നടന്നത്. 'ഹലാലിന്റെ പേരുപറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാൽ കൈയും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാർസലയക്കും ആർ.എസ്.എസ്' എന്നു തുടങ്ങുന്ന പ്രകോപന മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയത്.
Summary: Muslim Youth League activists stop VHP march in Perambra with provocative slogans