സമസ്തയിൽ ഭിന്നതയില്ല; നിലപാട് കൂടിയാലോചിച്ച് എടുത്തതെന്ന് മുസ്തഫ മുണ്ടുപാറ
|എക്കാലവും സമാധാനപരമായി പ്രവർത്തിക്കുന്ന പാരമ്പര്യമാണ് സമസ്തക്കുള്ളത്. സമരമോ പ്രക്ഷോഭമോ നടത്തുന്ന രീതി സമസ്തക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിഷയം പള്ളിയിൽ പറയുന്നത് സംബന്ധിച്ച് സമസ്തയിൽ ഭിന്നതയില്ലെന്ന് സമസ്ത പ്രതിനിധി മുസ്തഫ മുണ്ടുപാറ. മീഡിയാവൺ ഫസ്റ്റ് ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളുടെ യോഗത്തിൽ സമസ്ത പ്രതിനിധി പങ്കെടുത്തത് സമസ്ത തീരുമാനം അനുസരിച്ചു തന്നെയാണ്. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറിയതിനാണ് ജിഫ്രി തങ്ങൾ പള്ളിയിൽ പറയേണ്ടതില്ലെന്ന് പറഞ്ഞത്.
എന്തുകൊണ്ടാണ് പള്ളിയിൽ ഇത് സംബന്ധിച്ച് ചർച്ച വേണ്ടെന്ന് പറഞ്ഞതെന്ന് ജിഫ്രി തങ്ങൾ തന്നെ വ്യക്തമാക്കിയതാണ്. ഏതെങ്കിലും ഒരാൾ ചോദ്യം ചെയ്താൽ അത് സംഘർഷത്തിന് കാരണമാവും. എക്കാലവും സമാധാനപരമായി പ്രവർത്തിക്കുന്ന പാരമ്പര്യമാണ് സമസ്തക്കുള്ളത്. സമരമോ പ്രക്ഷോഭമോ നടത്തുന്ന രീതി സമസ്തക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ ചില നേതാക്കൾ ലീഗ് വക്താക്കളാണെന്ന എൽഡിഎഫ് പ്രതിനിധിയുടെ ആരോപണം മുസ്തഫ മുണ്ടുപാറ തള്ളി. സമസ്തയുടെ എല്ലാ നേതാക്കളും പറയുന്നത് സമസ്തയുടെ അഭിപ്രായം തന്നെയാണ്. അതിൽ ഭിന്നതയില്ല. സോഷ്യൽ മീഡിയയിലടക്കം പലരും വൈകാരികമായ പ്രതികരിച്ചപ്പോഴാണ് ജിഫ്രി തങ്ങൾ അന്തിമ നിലപാട് പറഞ്ഞത്. അതിനെ മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.