Kerala
മുതലപ്പൊഴി ബോട്ടപകടം; തിരച്ചിലിനായി വിഴിഞ്ഞത്ത് നിന്ന് ക്രെയിൻ എത്തിക്കും
Kerala

മുതലപ്പൊഴി ബോട്ടപകടം; തിരച്ചിലിനായി വിഴിഞ്ഞത്ത് നിന്ന് ക്രെയിൻ എത്തിക്കും

Web Desk
|
6 Sep 2022 4:37 PM GMT

ബോട്ടപകടത്തില്‍ കാണാതായവരെ കണ്ടെത്താനാവാത്തതിനാൽ രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ച് നേവി സംഘം മടങ്ങി.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ബോട്ടപകടത്തില്‍പെട്ടവരുടെ തിരച്ചിലിനായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ക്രെയിന്‍ എത്തിക്കും. ക്രെയിന്‍ കൊണ്ടുപോകാന്‍ ലത്തീന്‍ അതിരൂപതയുടെ സമരപ്പന്തല്‍ പൊളിക്കേണ്ടിവരും. ക്രെയിന് കടന്നുപോകാന്‍ വഴിയൊരുക്കിക്കൊടുക്കുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

അതേസമയം, ബോട്ടപകടത്തില്‍ കാണാതായവരെ കണ്ടെത്താനാവാത്തതിനാല്‍ രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ച് നേവി സംഘം മടങ്ങി. കോസ്റ്റ് ഗാര്‍ഡും പൊലീസും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മുസ്തഫ, ഉസ്മാന്‍, സമദ് എന്നിവരെയാണ് കാണാതായത്.

രാവിലെ കേരള പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. 10 മണിയോടെയാണ് തിരച്ചിലിനായി നാവികസേനയുടെ ഹെലികോപ്റ്റര്‍ എത്തിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തിരിച്ചടിയായി.

തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് രാവിലെയും വൈകീട്ടും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും പൊലീസും സംയുക്തമായി തിരച്ചിലിനിറങ്ങിയിട്ടും കാണാതായവരെ കണ്ടെത്താനാവാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്തെത്തിയ സബ് കലക്ടറെയും മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചെങ്കിലും പിന്നീട് കടത്തിവിട്ടു.

പലവട്ടം നേവിയുടെ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലത്ത് വട്ടംചുറ്റി പറന്നെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ കടല്‍ക്ഷോഭവും തിരിച്ചടിയായി. ഒടുവില്‍ തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ നേവിസംഘം മടങ്ങുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ബോട്ടും വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വലയ്ക്കുള്ളില്‍ ഇവര്‍ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്ന നിഗമനത്തിലാണ് നേവിയും കോസ്റ്റ്ഗാര്‍ഡും.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മര്‍വ എന്ന ബോട്ടാണ് തിരയില്‍പെട്ട് മറിഞ്ഞത്.

മറ്റ് ബോട്ടുകളിലായെത്തിയ മത്സ്യത്തൊഴിലാളികള്‍ ഒമ്പതു പേരെ രക്ഷപ്പെടുത്തി. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരെ രക്ഷിക്കാനായില്ല. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആദ്യ ഘട്ടത്തില്‍ വന്ന വിവരം. ഒമ്പതു പേര്‍ നീന്തിരക്ഷപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചു.

Similar Posts