ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ മുത്തഖി അവാർഡ് യുക്തിവാദ പ്രചാരകന് യു കലാനാഥന്
|വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് സ്പോട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കോഴിക്കോട്: ഖുർആൻ സുന്നത്ത് സൊസൈറ്റി (ഫോർവേഡ് ബ്ലോക്) സംസ്ഥാന കമ്മിറ്റിയുടെ ചേകന്നൂർ മൗലവി ആൻഡ് ഡോ. ഖമർ സമാൻ സ്മാരക മുത്തഖി പുരസ്കാരത്തിന് സാമൂഹിക പ്രവർത്തകനും യുക്തിവാദ പ്രചാരകനുമായ യു കലാനാഥൻ മാസ്റ്ററെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് സ്പോട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ഡോ. അബ്ദുൽ ജലീൽ, മുതൂർ അബൂബക്കർ മൗലവി, സെയ്തലവി അൻസാരി, ജാഫർ അത്തോളി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സൊസൈറ്റി പ്രസിഡണ്ട് ഡോ.എം അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി എൻ.ടി.എ കരീം, ട്രഷറർ അബ്ദുൽ റസാക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കേരള യുക്തിവാദി സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു കലാനാഥൻ. 1940 ജൂലൈ 22 നാണ് ജനനം. കോഴിക്കോട് ഗണപത് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഫറൂഖ് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടി. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ ആനങ്ങാടി റെയിൽവേ ഗേറ്റിനു സമീപം 'ചാർവാകം' വീട്ടിൽ താമസിക്കുന്നു. ഇന്ത്യയിലെ യുക്തിവാദ സംഘടനകളുടെ ഫെഡറേഷനായ ഫിറയുടെ (Federation of Indian Rationalist Associations) പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രക്ഷാധികാരിയാണ്. കേരള യുക്തിവാദിസംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയുമാണ്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.