മരംകൊള്ള കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു
|കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
സംസ്ഥാനത്തെ മരംകൊള്ള കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ഐ.ജി സ്പർജൻ കുമാർ മേൽനോട്ടം വഹിക്കും. തൃശ്ശൂര്‍ എസ്.പി കെ.എസ്. സുദര്‍ശന്‍, മലപ്പുറം എസ്.പി കെ.വി സന്തോഷ്, കോട്ടയം എസ്.പി സാബു മാത്യു എന്നിവർക്കാണ് അന്വേഷണ ചുമതല. കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
നിലവില്‍ മരംമുറി സംബന്ധിച്ച് വനം വകുപ്പ് നടത്തുന്ന പ്രത്യേക അന്വേഷണത്തിന് പുറമെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളാണ് ഉന്നതതല സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.
വിജിലൻസ്, വനം വകുപ്പുകളിൽ നിന്ന് മിടുക്കരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയോഗിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികം വൈകാതെ ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തരവിറങ്ങും. അതിനുശേഷം അന്വേഷണ സംഘം യോഗം ചേര്‍ന്നായിരിക്കും തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കുക.