മുട്ടിൽ മരംകൊള്ളയില്‍ സാജനെതിരെ ഗുരുതര കണ്ടെത്തൽ; എന്നിട്ടും നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി
|അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് സാജനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി.
മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്ന വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരെ വനം വകുപ്പ് അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ട് പുറത്ത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സാജനെ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നായിരുന്നു ശിപാര്‍ശ. അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് സാജനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി.
മരംമുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സാജന്‍ നടപടി സ്വീകരിച്ചതെന്നാണ് അഡീഷണല്‍ പിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ കണ്ടെത്തല്‍. ടെലഫോണ്‍ രേഖകളില്‍ നിന്നും ഇത് വ്യക്തമാണ്. ഒരു മാധ്യമ പ്രവര്‍ത്തകനും കൂടി ഉള്‍പ്പെട്ട നീക്കത്തിന്റെ ഫലമാണ് മുക്കുന്നിമല മരംമുറി സംബന്ധിച്ച വ്യാജ റിപ്പോര്‍ട്ടെന്നും 18 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം.
മേപ്പാടി റേഞ്ച് ഓഫീസർ എം കെ ഷമീറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരാത്ത നടപടി സാജന്റെ ഭാഗത്ത് നിന്നുണ്ടായി. സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമം ഉണ്ടായി. അതിനാല്‍ ഗൌരവമായ നടപടി സ്വീകരിക്കണമെന്നും അന്വേഷണ ഘട്ടത്തില്‍ മാറ്റി നിര്‍ത്തണമെന്നുമായിരുന്നു ശിപാര്‍ശ. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി വനംമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായിട്ടും എന്‍ ടി സാജനെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി കൊല്ലത്തേക്ക് മാറ്റുക മാത്രമാണ് ഉണ്ടായത്. എന്തുകൊണ്ട് ഗൌരവമായി നടപടി എടുക്കാതെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കിയെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.