മരംകൊള്ള കേസ്; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം
|കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടങ്ങുന്ന യു.ഡി.എഫ് സംഘം അടുത്ത ദിവസം മരം കൊള്ള നടന്ന സ്ഥലങ്ങളിലെത്തും.
മരംകൊള്ള കേസ് സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി നിലനിർത്താനൊരുങ്ങി പ്രതിപക്ഷം. ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വൻ അഴിമതിയാണ് മരംക്കൊള്ളയെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. മരംകൊള്ള നടന്നത് വനം- റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ സർക്കാരിനെതിരായ ആക്രമണത്തിന്‍റെ മൂർച്ഛ കൂട്ടാനാണ് ശ്രമം.
കഴിഞ്ഞ വനം- റവന്യൂ മന്ത്രിമാർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എം.ടി സാജൻ വനം മന്ത്രി എ.കെ ശശീന്ദ്രനെ സന്ദർശിച്ചത് കേസ് തേച്ചു മായിച്ച് കളയനാണന്നും ആരോപണമുണ്ട്.
വിഷയം സജീവമാക്കുന്നതിന്‍റെ ഭാഗമായി പുതിയ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടങ്ങുന്ന യു.ഡി.എഫ് സംഘം അടുത്ത ദിവസം മരം കൊള്ള നടന്ന സ്ഥലങ്ങളിലെത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബി.ജെ.പി നേതാക്കളും ഇന്ന് സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്.