അനിൽകുമാറിന്റെ പ്രസ്താവന; മാർക്സിസ്റ്റ് പാർട്ടിയുടെ അസഹിഷ്ണുത - മൂവാറ്റുപുഴ അഷ്റഫ് മൗലവി
|ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം എല്ലാകാലത്തും ഇസ്‌ലാമിക ആശയത്തോട് കടുത്ത അസഹിഷ്ണുത വച്ചുപുലർത്തുന്ന പ്രത്യയശാസ്ത്രമാണ് മാർക്സിസമെന്നും അതിന്റെ ഒടുവിലത്തെ വെളിപാടാണ് അനിൽകുമാറിന്റേത് എന്നും അഷ്റഫ് മൗലവി പറഞ്ഞു.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയംഗം അനിൽകുമാറിന്റെ പ്രസ്താവന ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തോട് മാർക്സിസ്റ്റ് പാർട്ടി പുലർത്തുന്ന മനോഭാവത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം എല്ലാകാലത്തും ഇസ്‌ലാമിക ആശയത്തോട് കടുത്ത അസഹിഷ്ണുത വച്ചുപുലർത്തുന്ന പ്രത്യയശാസ്ത്രമാണ് മാർക്സിസമെന്നും അതിന്റെ ഒടുവിലത്തെ വെളിപാടാണ് അനിൽകുമാറിന്റേത് എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന വിവാദമായതിനെത്തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത് മുഖം രക്ഷിക്കാൻ മാത്രമാണ്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടെങ്കിൽ അതിന് വിരുദ്ധമായി പരസ്യപ്രസ്താവന നടത്തിയ അനിൽ കുമാറിനെതിരേ നടപടിയെടുക്കാൻ ആർജ്ജവം കാണിച്ച് സത്യസന്ധത തെളിയിക്കണം.
എല്ലാ വിഭാഗങ്ങളുടെയും സ്വത്വബോധത്തെ അംഗീകരിക്കലാണ് ബഹുസ്വരത. എന്നാൽ, ചില വിഭാഗങ്ങളുടെ സ്വത്വത്തെയും വിശ്വാസങ്ങളെയും ജീവിതശൈലികളെയും ആചാരങ്ങളെയും തങ്ങളുടെ സംഘടനാ സ്വാധീനം കൊണ്ട് തകർത്തു കളഞ്ഞാലേ മതനിരപേക്ഷത പൂർണമാകൂ എന്നാണ് സി.പി.എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നിലപാട്. കാമ്പസുകളിൽ എസ്.എഫ്.ഐ ഉൾപ്പെടെ ഇസ്‌ലാമിനെക്കുറിച്ച് അപകർഷതാബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കാറുണ്ട്. എല്ലാത്തരം മൂല്യങ്ങളെയും നിരാകരിക്കലാണ് നവോഥാനം എന്ന നിലയ്ക്കുള്ള പ്രചാരണം പുതിയ തലമുറയെ സാമൂഹികവിരുദ്ധരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരും ധാർമിക വിരുദ്ധനും ആക്കി മാറ്റുന്നുണ്ട്. അനിൽകുമാർ നടത്തിയ ഗുരുതരമായ പ്രസ്താവന ഉടൻ പിൻവലിക്കണം. ഇത്തരം നിലപാടുകൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.