ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്ന ആവശ്യവുമായി നിർമലാ കോളേജ്
|റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ നിയോഗിക്കണമെന്നുമാണ് ആവശ്യം
കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്ന ആവശ്യവുമായി നിർമലാ കോളേജിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ നിയോഗിക്കണമെന്നുമാണ് ആവശ്യം.
നാലായിരത്തോളം പേർ പഠിക്കുന്ന കോളേജിൽ ക്ലാസ് കഴിഞ്ഞാൽ പിന്നെ വീട്ടിലെത്താനുള്ള പരക്കംപാച്ചലിലാണ് വിദ്യാർഥികൾ. തൊടുപുഴ മുവാറ്റുപുഴ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കുന്നതും ബസ് കയറുന്നതും. റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യം നാളിതുവരെയായിട്ടും നടപ്പായില്ല. മതിയായ മുന്നറിയിപ്പ് ബോർഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ലായെന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
കോളേജിന് മുന്നിൽ അപരിചിതർ പതിവായെത്തുന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം അധ്യാപകരും നാട്ടുകാരും ഉന്നയിക്കുന്നുണ്ട്. നിയമ ലംഘനം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം സുരക്ഷയൊരുക്കാത്തതിൽ അധികൃതരുടെ വീഴ്ചയും പരിശോധിക്കപ്പെടേണ്ടതാണ്.