ഏക സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭം; സമസ്തയെ ക്ഷണിക്കുന്നതില്‍ പ്രയാസമില്ല: എം.വി. ഗോവിന്ദന്
|ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു
തിരുവനന്തപുരം: ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഏക സിവില്‍ കോഡെന്നും രാജ്യത്തിന്റെ ബഹുസ്വരത പൂര്‍ണമായയും ഇല്ലാതാക്കാനുള്ള ഈ ശ്രമത്തെ ചെറുക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സമസ്ത ഉള്‍പ്പെടെയുള്ള ആരെയും സെമിനാറിലേക്ക് ക്ഷണിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഏക സിവില്‍ കോഡിനെതിരെ യോജിച്ച് മുന്നോട്ട് പോകുന്നതിന് യാതൊരു പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡിനെ പ്രതിരോധിക്കുകയാണ് മുസ്ലിം സമുദായം പൊതുവേ സ്വീകരിച്ചുവരുന്ന നിലപാട്. അതിനെ പ്രതിരോധിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രബലമായ പാര്‍ട്ടി സി.പി.എമ്മാണ്. ഏക സിവില്‍ കോഡിനെതിരെ സമസ്തയും കാന്തപുരം വിഭാഗവും ഐക്യപ്പെടുന്നത് സ്വാഗതാര്‍ഹമാണ്. ലീഗ് ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമാണ്. ശരിയായ നിലപാട് എടുത്തത്തപ്പോള് ലീഗിന് പിന്തുണ നല്‍കിയിട്ടുണ്ട്. അത് രാഷ്ട്രീയ ഐക്യത്തിന് വേണ്ടിയല്ലെന്ന് മനസിലാക്കണം- എം.വി. ഗോവിന്ദന് പറഞ്ഞു.
അതേസമയം, ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ്. ആദ്യഘട്ടമെന്നോണം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
എല്‍.ഡി.എഫ് നേതൃത്വത്തിലായിരിക്കും സെമിനാര്‍ നടക്കുക. യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും സെമിനാറില്‍ പങ്കെടുപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കും. സിവില്‍ കോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.