സി.എ.എ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ ഭാഗം: എം.വി ഗോവിന്ദൻ
|സി.എ.എ സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: വോട്ട് ലക്ഷ്യമിട്ട് സംഘ്പരിവാർ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് സി.എ.എ നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖ് നിരോധനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് സവിശേഷമായ നിയമങ്ങളുണ്ട്. ഇതിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാത്രം റദ്ദാക്കിയത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ്.
പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നത് മതരാഷ്ട്ര വാദമാണ്. കേരളത്തിൽ സി.എ.എ നടപ്പാക്കില്ല. സി.എ.എ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ രണ്ട് പ്രധാന നേതാക്കളാണ് കേരളത്തിൽ മത്സരിക്കുന്നത്. ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് പകരം ഇടതു പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.