'ശത്രുസംഹാര പൂജ': ഡി.കെ ശിവകുമാർ പറഞ്ഞത് ഭ്രാന്തെന്ന് എം.വി ഗോവിന്ദൻ; അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി
|ഡി.കെ ശിവകുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ടി.ടി.കെ ദേവസ്വം അറിയിച്ചു.
തിരുവനന്തപുരം: കർണാടക സർക്കാറിനെതിരെ തളിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രുസംഹാര പൂജ നടത്തിയെന്ന ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡി.കെ ശിവകുമാർ പറഞ്ഞത് ഭ്രാന്താണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഡി.കെ ശിവകുമാർ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പരിഹസിക്കുകയാണെന്നും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം അങ്ങനുള്ളൊരു ക്ഷേത്രമല്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. എന്നാൽ, കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞതെന്നും എന്തായാലും ആരോപണം അന്വേഷിക്കുമെന്നുമാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞത്.
ഇതിനിടെയാണ്, ഇതിനെതിരെ രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ രംഗത്തെത്തിയത്. അതേസമയം, ഡി.കെ ശിവകുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ടി.ടി.കെ ദേവസ്വം അറിയിച്ചു. രാജരാജേശ്വര ക്ഷേത്രത്തിലോ സമീപ ക്ഷേത്രങ്ങളിലോ മൃഗബലി ഇല്ല. ക്ഷേത്രത്തിന്റെ പേര് വലിച്ചിഴച്ചത് ഖേദകരമെന്നും ദേവസ്വം അംഗം മാധവൻ വ്യക്തമാക്കി.
ഡി.കെ ശിവകുമാറിന്റെ ആരോപണം തള്ളി കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും രംഗത്തെത്തി. കേരളത്തിൽ മൃഗബലി നടന്നതായി വിവരമില്ല. പ്രാഥമിക അന്വേഷണത്തിൽ അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്.
കർണാടക സർക്കാറിനെതിരെ താഴെയിറക്കാൻ അവിടെ നിന്നുള്ള ചിലയാളുകൾ തളിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജ നടത്തിയെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പ്രസ്താവന. ഇതാണ് വിവാദമായത്.