Kerala
തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവ്; മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത
Kerala

തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവ്; മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത

Web Desk
|
12 Oct 2021 8:01 AM GMT

നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇരു മന്ത്രിമാരും വിത്യസ്ത നിലപാടുകള്‍ പ്രകടിപ്പിച്ചത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിനെ ചൊല്ലി ധന- തദ്ദേശ വകുപ്പുകള്‍ തമ്മില്‍ പോര്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതല്ല നടപടിയെന്ന് ധനമന്ത്രി വിശദീകരിക്കുമ്പോഴും ഉത്തരവിന്റെ നിയമസാധുത പരിശോധിക്കുമെന്ന നിലപാടിലാണ് തദ്ദേശ മന്ത്രി എം.വി ഗോവിന്ദന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇരു മന്ത്രിമാരും വിത്യസ്ത നിലപാടുകള്‍ പ്രകടിപ്പിച്ചത്.

ഉത്തരവ് അധികാരം കവര്‍ന്നെടുക്കലാണെന്നും നിയമസാധുത പരിശോധിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായും തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഉത്തരവ് തദ്ദേശ വകുപ്പിന്റെ അധികാരം കവര്‍ന്നെടുക്കാനെല്ലെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ധനമന്ത്രി പറഞ്ഞു. ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗമാണെന്നും ധനമന്ത്രി വിശദീകരിക്കുന്നു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് ഉത്തരവ്.

Similar Posts