Kerala
mv govindan_governor
Kerala

സംഘ്‌പരിവാറിന്റെ ഗുഡ് ബുക്കിൽ കേറാനാണ് ഗവർണറുടെ ശ്രമം; സമരം തുടരുമെന്ന് എംവി ഗോവിന്ദൻ

Web Desk
|
15 Dec 2023 11:17 AM GMT

ഗവർണറുടെ മാനസികനില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇനിയും കരിങ്കൊടി കാണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗവർണർക്ക് എതിരെ നടക്കുന്നത് സ്വാഭാവിക പ്രതിഷേധമാണ്. സമരം നിർത്താൻ ആലോചിച്ചിട്ടില്ല. ഗവർണറുടെ കാലാവധി ചുരുക്കം മാസം മാത്രമാണ്. ഈ കാലാവധിക്കുള്ളിൽ സംഘപരിവാറിന്റെ ഗുഡ് ബുക്കിൽ കയറാനാണ് ശ്രമം. ഗവർണറുടെ മാനസികനില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഗവർണർക്കെതിരായ സമരപരിപാടി ഉപേക്ഷിക്കേണ്ടതാണെന്ന് ആരും തീരുമാനിച്ചിട്ടില്ല. അടിമുടി പ്രകോപനമാണ് ഗവർണർ, അതിന് പിന്നിൽ വേറെ ലക്ഷ്യങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഗവർണർ സ്ഥാനത്തിന് ചേർന്നതാണോ എന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സർവകലാശാല സെനറ്റുകളിൽ നടത്തുന്നത് കൃത്യമായ സംഘ്പരിവാർ രാഷ്ട്രീയ അജണ്ടകളാണ്. എസ്എഫ്ഐക്കെതിരെ നടത്തിയ പരാമർശങ്ങൾ ഒരു സാധാരണ പൗരന് പോലും യോജിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം കേരളത്തിൽ ആദ്യമായല്ല നടക്കുന്നത്. സംസ്ഥാനത്ത് ഒരുപാട് പേർക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാറുണ്ട്, അതിനാൽ ഗവർണർക്കെതിരെയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന സൂചന കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നൽകിയത്.

ഇതിനിടെ, ഗവർണർക്ക് സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനമായി. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് എ.ഡി.ജി.പി നിർദേശം നൽകി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടാന്‍ തീരുമാനമായത്.

ഗവർണർക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധക്കേസിൽ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്ച കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എസ്.എഫ്.ഐ പ്രതിഷേധം നടന്ന രാത്രിയിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പോയത് ഔദ്യോഗിക കൃത്യനിർവഹണത്തിനെന്ന കാര്യം പൊലീസോ പ്രോസിക്യൂഷനോ അറിയിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

Similar Posts