വിദ്യാഭ്യാസ രംഗത്തെയും കാവിവൽക്കരിക്കാൻ ശ്രമം; ഗവർണർക്കെതിരെ എം.വി ഗോവിന്ദൻ
|കോടതി വിധി കാറ്റിൽ പറത്തി ആർഎസ്എസിന് ഇഷ്ടമുള്ളവരെ മാത്രം സർവകലാശാലയിൽ നിയമിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ
തൃശൂർ: വിദ്യാഭ്യാസ മേഖലയിലും കാവിവൽക്കരണം നടപ്പിലാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
കോടതി വിധി പോലും കാറ്റിൽ പറത്തി ആർഎസ്എസിന് ഇഷ്ടമുള്ളവരെ മാത്രം സർവകലാശാലയിൽ നിയമിക്കുന്നുവെന്നും ആരോഗ്യ സർവകലാശാലയിലെ വൈസ് ചാൻസലറായി കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിക്കുന്നത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ ഒരു ചർച്ചയും ഒരു പ്രയാസവുമില്ലെന്നും പറഞ്ഞു.
തോമസ് കെ. തോമസ് വിഷയം സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ആ വിഷയം ചർച്ച ചെയ്തിട്ടേ ഇല്ലെന്നും പറഞ്ഞു. എൽഡിഎഫ് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും സിപിഐഎം ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ പാർട്ടിയിൽ നിന്ന് ആരും പുറത്തുപോയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. വസ്തുതയില്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്നും അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫ് കൺവെൻഷനിൽ അബ്ദുൾ ഷുക്കൂർ ഉണ്ടാകും. ചേലക്കരയിൽ ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉണ്ടാകുമെന്നും പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.