ഇന്ത്യയുടെ പേര് മാറ്റാൻ നീക്കം: എന്താണ് വർഗീയവാദികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമെന്ന് എം.വി ഗോവിന്ദൻ
|ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരം: ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് വർഗീയവാദികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അവർ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണതെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോൾ ഭാരത് ആയത് എന്തുകൊണ്ടാണ്?. ഇനി കുറച്ച് കഴിയുമ്പോൾ ഹിന്ദുത്വ എന്ന് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൺ ഇന്ത്യ വൺ ഇലക്ഷൻ എന്നതിനെ അംഗീകരിക്കില്ലെന്നും ഇതൊക്കെ ഫാഷിസ്റ്റ് ഇടപെടലാണെന്നും സിപിഎം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തിനെതിരായ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന്, അതൊക്കെ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അതിനുള്ള വേദി വരട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
എന്നാൽ തെറ്റായ നിലപാട് വരുമ്പോൾ അതിനെയൊക്കെ വിമർശിച്ചിട്ടുമുണ്ട്. മന്ത്രിസഭയിൽ പുനഃസംഘടന സ്വാഭാവികമായും ഉണ്ടാവുമെന്നും ഗണേഷ് കുമാർ- മുന്നാക്ക കോർപറേഷൻ വിഷയം അതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.