‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല’; എൻ.എൻ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദൻ
|‘ഷാഫി പറമ്പലിന് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ല’
പാലക്കാട്: പാലക്കാട്ടെ പെട്ടി വിഷയത്തിൽ സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസിനെ തിരുത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പെട്ടി വിഷയം അടഞ്ഞ അധ്യായമല്ലെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. പെട്ടി വിഷയമടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യും. താൻ പറഞ്ഞതാണ് പാർട്ടി നിലപാട് , മറ്റു ഒരു നിലപാടും പാർട്ടി നിലപാടല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
പെട്ടിയും തിരഞ്ഞ് പോകുന്ന പാർട്ടിയല്ല സിപിഎം. അത് യാദൃശ്ചികമായി വന്നതാണ്. കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണത്. യുഡിഎഫിന് ഇത് തിരിച്ചടിയാകും. ഇക്കാര്യത്തിൽ എൽഡിഎഫിന് വീഴ്ച സംഭവിച്ചിട്ടില്ല.
കുടുംബയോഗങ്ങളിൽ യുഡിഎഫും ബിജെപിയും വലിയ രീതിയിൽ പൈസ ഒഴുക്കുകയാണ്. കഴിഞ്ഞതവണ ഷാഫി പറമ്പലിന് കിട്ടിയ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ പെട്ടി ചർച്ച നിർത്തണമെന്ന് കഴിഞ്ഞിദിവസം എൻ.എൻ കൃഷ്ണദാസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യണ്ടേത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ ഇഡിയും പൊലീസും അന്വേഷിക്കണം . പെട്ടി ചർച്ച എല്‍ഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞിരുന്നു.
നീല പെട്ടി , പച്ച പെട്ടി , മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല. യുഡിഎഫിനും ബിജെപിക്കുമാണ് ഇപ്പോഴത്തെ ചർച്ച ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.