തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി-പോപ്പുലര്‍ ഫ്രണ്ട്-കോണ്‍ഗ്രസ്-ലീഗ് ഐക്യമുണ്ടായി-എം.വി ഗോവിന്ദന്‍
|'എല്ലാവരും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു'
തിരുവനന്തപുരം: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി-പോപ്പുലര്‍ ഫ്രണ്ട്-കോണ്‍ഗ്രസ്-ലീഗ് ഐക്യമുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വര്‍ഗീയ ധ്രുവീകരണമുണ്ടാകുന്ന തരത്തില്‍ എല്ലാവരും ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്റെ പരാമര്‍ശം.
ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും അതിനു നേതൃത്വം നല്‍കുന്നതും ഒരിക്കലും സി.പി.എം ആകില്ലെന്നും കോണ്‍ഗ്രസാകുമെന്നുമുള്ള പൊതുബോധം മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങളില്‍, പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നല്ല പോലെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള പരിമിതിയാണത്. കഴിഞ്ഞ തവണയും അതു കണ്ടു. ഇത്തവണയും അതുതന്നെയാണു വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
''ഇതോടൊപ്പം യു.ഡി.എഫില്‍ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും കോണ്‍ഗ്രസും ലീഗും തമ്മില്‍ ഐക്യമുണ്ടായിരുന്നു. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം ഇവര്‍ മത്സരിക്കുന്നതാണ്. ചുരുക്കം സീറ്റുകളിലാണു മത്സരിക്കുന്നതെങ്കിലും അവര്‍ക്ക് എല്ലാ മണ്ഡലങ്ങളിലും വോട്ടുണ്ട്. ഈ വോട്ടെല്ലാം ഇപ്രാവശ്യം ഒരു ഐക്യമുന്നണി പോലെ വര്‍ഗീയ ധ്രുവീകരണം സംഭവിക്കത്തക്ക രീതിയില്‍ കൈകാര്യം ചെയ്തു. മുസ്‌ലിം രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം മതമൗലികവാദത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പോലെ കോണ്‍ഗ്രസുമായും ലീഗുമായും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.''
മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചു ദൂരവ്യാപകമായ ഫലമുണ്ടാക്കുന്നതാണ് അത്. താത്ക്കാലികമായി അവര്‍ക്കു ജയിക്കാനും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നതു ശരിയാണ്. പക്ഷേ, അതു വളരെ ഗൗരവമുള്ള, ദൂരവ്യാപകമായ ഒരു പ്രശ്‌നമാണ്. മതനിരപേക്ഷ ഉള്ളടക്കമുള്ള നിരവധി ജനവിഭാഗങ്ങള്‍ ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലുമുണ്ട്. അവര്‍ ഇതിനെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഇതിനെ തുറന്നെതിര്‍ത്ത് മുന്നോട്ടുപോകാാന്‍ മതനിരപേക്ഷ കക്ഷികള്‍ക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ജാതിവിഭാഗങ്ങളും സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളും വര്‍ഷങ്ങളായി ആര്‍.എസ്.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിഭജിതമായി, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വര്‍ഗീയശക്തികള്‍ക്കു കീഴ്‌പ്പെടുന്ന നിലപാടില്‍ എത്തിയിട്ടുണ്ട്. ഇത്തരം സ്വത്വ രാഷ്ട്രീയത്തെയും ജാതിചിന്താ സംവിധാനത്തെയും ഉപയോഗപ്പെടുത്തി മതനിരപേക്ഷതയ്ക്കു പകരം സംഘ്പരിവാര്‍ നടപ്പാക്കുന്ന ജാതിബോധത്തിലേക്കും വര്‍ഗീയതയിലേക്കും ആര്‍.എസ്.എസിന്റെ വര്‍ഗീയ ധ്രുവീകരണത്തിലേക്കും ഇതില്‍ ചില വിഭാഗങ്ങള്‍ എത്തിച്ചേര്‍ന്നു. എസ്.എന്‍.ഡി.പി അടക്കമുള്ള ഈഴവ സമുദായത്തില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ക്രൈസ്തവരിലെ ഒരു വിഭാഗം ബി.ജെ.പിക്ക് അനുകൂലമായി മാറി. ചില സ്ഥലങ്ങളില്‍ ബിഷപ്പുമാര്‍ നേരിട്ടിറങ്ങിയെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേത് കനത്ത തോല്‍വിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി സമ്മതിച്ചു. ബി.ജെ.പി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാന്‍ സാധിച്ചില്ല. ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ തിരുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജ് തകര്‍ക്കാന്‍ ശ്രമം നടന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയാറാക്കി മുന്നോട്ടുപോകും. ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ അടക്കമുള്ള വിഷയങ്ങള്‍ മുടങ്ങിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Summary: CPM State Secretary MV Govindan said that there was a unity between Jamaat-e-Islami, Popular Front, Congress, Muslim League in this Lok Sabha election.