ആർഎസ്എസ് തൃശൂർ പുരം അലങ്കോലമാക്കി; സുരേഷ് ഗോപിക്ക് ലൈസന്‍സില്ലെന്നും എം.വി ഗോവിന്ദന്റെ പരിഹാസം
|ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി
തിരുവനന്തപുരം: ആർഎസ്എസ് തൃശൂർ പുരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു. പൂരം വിവാദം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫ്. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി.ഡി സതീശൻ. സുരേഷ് ഗോപി പറയുന്നത് ലൈസൻസില്ലാത്ത പോലെ ഗൗരവമായി എടുക്കേണ്ടതില്ല.
ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത് ഞങ്ങളാണ് പറഞ്ഞതെങ്കിൽ വലിയ ചർച്ചയാക്കും. കെ സുധാകരൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പി.പി ദിവ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് ഗോവിന്ദന് വ്യക്തമാക്കി. പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല . പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേ, നിയമ നടപടികൾ അങ്ങനെ തുടരുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ''പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന് വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താൻ ചങ്കൂറ്റമുണ്ടോ എന്നും'' സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.