'പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്ററിട്ടതെന്ന് വ്യക്തം'; സച്ചിൻ ദേവിനെ ന്യായീകരിച്ച് എം.വി ഗോവിന്ദൻ
|എം.വി ഗോവിന്ദന് മറുപടിയുമായി കെ.കെ രമ
തിരുവനന്തപുരം: കെ.കെ രമ എം.എൽ.എയ്‌ക്കെതിരായ സച്ചിൻ ദേവ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പൊട്ടലില്ലാത്ത കൈക്കാണ് രമ പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോൾ വ്യക്തമായെന്നും ആധുനിക സമൂഹത്തിന് കണ്ടുപിടിക്കാൻ സംവിധാനങ്ങളുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കളവ് പറയേണ്ട കാര്യമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സച്ചിൻ ദേവിനെതിരെ സ്പീക്കർ എ.എൻ ഷംസീറിനും സൈബർ പൊലീസിനും കെ.കെ രമ പരാതി നൽകിയതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.
അതേസമയം, എം.വി ഗോവിന്ദന് മറുപടിയുമായി കെ.കെ രമ രംഗത്തെത്തി. കൈക്ക് പൊട്ടലുണ്ടോ എന്നത് ഡോക്ടറാണ് പറയേണ്ടത്. അസുഖമില്ലാത്ത ആളുകളെ ചികിത്സിക്കാനാണോ സർക്കാർ ആശുപത്രിയെന്നും കെ.കെ രമ ചോദിച്ചു. രോഗിയുടെ വിവരങ്ങൾ ആശുപത്രിയിൽ നിന്ന് പുറത്ത്‌പോയിട്ടുണ്ടെങ്കിൽ അത് ഗുരുതര കുറ്റമാണെന്നും രമ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി സച്ചിൻ ദേവ് അപമാനിച്ചെന്നും വിവിധ സമയങ്ങളിലെ ഫോട്ടോ ചേർത്തുവെച്ച് കള്ളം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കെ.കെ രമയുടെ പരാതി. തനിക്കുണ്ടായ പരിക്കിനെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും അതിക്രമത്തെ സച്ചിൻ ദേവ് വളച്ചൊടിച്ചെന്നും കെ.കെ. രമ പരാതിയിൽ പറഞ്ഞു. രമയുടെ ചിത്രങ്ങൾ സഹിതം രണ്ട് ദിവസം മുമ്പാണ് സച്ചിൻ ദേവ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
'ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ. അതിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, തോമസുകുട്ടി വിട്ടോടാ'- കെ.കെ രമയുടെ ഫോട്ടോ പങ്കുവെച്ച് സച്ചിൻ ദേവ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് കെ.കെ രമ സൈബർ പൊലീസിനും സ്പീക്കർക്കും പരാതി നൽകിയത്. സി.പി.എമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എം.എൽ.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.