'നിരക്ക് കുറവാണ്. അപ്പം കൊണ്ടുപോയി വിറ്റു വരാം'; കെ റെയിൽ പ്രസ്താവന ന്യായീകരിച്ച് എം.വി ഗോവിന്ദൻ
|"ഇപ്പോ ബസ്സിനെത്രയാ ചാർജ്? അത് പഠിക്കണം ആദ്യം."
തൃശൂർ: കുടുംബശ്രീക്കാരുടെ അപ്പ വിൽപ്പനയ്ക്കു വരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെ റെയിലെന്ന പ്രസ്താവന ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണെന്നും അപ്പ വില്‍പ്പന സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
'കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണ്. സാധാരണക്കാരന് അപ്പം കൊണ്ടുപോയി വിറ്റു വരാൻ കഴിയും. നിങ്ങൾക്ക് മൗലികമായ വല്ല പ്രശ്‌നവും പറയാനുണ്ടെങ്കിൽ പറയാം. ഇപ്പോ ബസ്സിനെത്രയാ ചാർജ്? അത് പഠിക്കണം ആദ്യം. ബസ്സും ട്രയിനും തമ്മിലുള്ള ചാർജിന്റെ വ്യത്യാസം എത്രയാന്ന് പഠിക്ക് ആദ്യം. കൂടുതലാന്ന് വെറുതെ പറഞ്ഞാൽ പോര. വസ്തുതാപരമായി പറയണം.' - കെ റെയിലിനെ കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യത്തോട് ഒരുപാട് പൊരുത്തക്കേടുള്ളതല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദൻ മറുപടി നൽകി.
എം.വി ഗോവിന്ദൻ അപ്പ വിൽപ്പനയെ കുറിച്ച് പറഞ്ഞത്
ജാഥയ്ക്ക് പാലക്കാട് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് സിപിഎം സെക്രട്ടറി അപ്പ വിൽപ്പനയെ കുറിച്ച് സംസാരിച്ചിരുന്നത്.
'കെ റെയിൽ വന്നാൽ മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്താം. നാഷണൽ ഹൈവേക്ക് എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും തിരൂരു വരെ ഭൂമിയൊന്നും എടുക്കേണ്ട. കാരണം അത് റെയിലിന് ഒപ്പം തന്നെ വരും. അതിന് ശേഷം മാത്രമേ ഭൂമി വേണ്ടൂ. കെ റെയിൽ വന്നാൽ അമ്പത് കൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്. 39 വണ്ടിയാണ് അങ്ങോട്ട്. 39 വണ്ടി ഇങ്ങോട്ടും. 20 മിനിറ്റ് ഇടവിട്ട് വണ്ടി. കൂറ്റനാട് നിന്ന് ഒരു വല്യ രണ്ടു കെട്ട് അപ്പവുമായി കുടുംബ ശ്രീക്കാര് പോയി. ഷൊർണൂരിൽനിന്ന് കയറാം. എട്ടു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് എട്ടര മണിക്ക് ഷൊർണൂരെത്താം. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വന്നു. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലാണ് മാർക്കറ്റ്. എത്ര മിനിറ്റ് വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തിയഞ്ചോ മിനിറ്റ്. അര മണിക്കൂർ കൂട്ടിക്കോ. കൊച്ചിയിൽ നിങ്ങൾ അപ്പം വിറ്റു. ചൂടപ്പമല്ലേ, അര മണിക്കൂർ കൊണ്ട് അപ്പം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചി. അങ്ങനെ പൈസയും വാങ്ങി, കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെ നിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യം. അത് എഞ്ചിനീയർമാർക്കും വക്കീലന്മാർക്കും അധ്യാപകർക്കും ജീവനക്കാർക്കും എല്ലാവർക്കും പറ്റും. മാത്രമല്ല, ലക്ഷക്കണക്കിന് വാഹനം റോഡിൽനിന്ന് പിൻവലിക്കാനാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനാകും.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കെ റെയിൽ വേണ്ടെന്ന യുഡിഎഫ് നിലപാടിനെയും അദ്ദേഹം വിമർശിച്ചിരുന്നു. 'ഇങ്ങനെയെല്ലാം ഗുണമുള്ള ലൈൻ വേണ്ടെന്ന് യുഡിഎഫ് പറയുന്നു. കടം വാങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോ? ഇവരെല്ലാം തിയറി വായിക്കണം. കോൺഗ്രസെന്നാൽ ഒരു വസ്തു വായിക്കില്ല. ലീഗിനെ പറ്റി പിന്നെ പറയുകയും വേണ്ടല്ലോ. ഒന്നും വായിക്കുന്നില്ല. ഇതൊക്കെ വായിച്ചുനോക്കണം. അർത്ഥ ശാസ്ത്രത്തിന്റെ ആദ്യഭാഗത്തു തന്നെ പറയുന്നത് മൂലധന നിക്ഷേപത്തിന് വേണ്ടി കടം വാങ്ങാമെന്നാണ്. ശമ്പളം കൊടുക്കാനല്ല, മൂലധന നിക്ഷേപത്തിന്. കെ റെയിലിന് വേണ്ടി 0.5 ശതമാനം പലിശയ്ക്ക് ജപ്പാൻ ബാങ്ക് കടം തരും. 20 കൊല്ലം കഴിഞ്ഞിട്ട് തിരിച്ചടച്ചാൽ മതി. നമ്മുടെ നാടിന്റെ സമ്പത്തിന് കടം വാങ്ങരുത് എന്ന് പറയാൻ പാടുണ്ടോ. കടം വാങ്ങണം എന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രം പറയുന്നത്. അമ്പതു കൊല്ലത്തിന്റെ വളർച്ച നമുക്കുണ്ടാകുമായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.