ചേലക്കര വിജയം ഭരണത്തുടർച്ചയുടെ സൂചന; പാലക്കാട്ടെ കോൺഗ്രസ് ഭൂരിപക്ഷത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും-എം.വി ഗോവിന്ദൻ
|'ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നിൽനിന്നു പ്രവർത്തിച്ചു'
തിരുവനന്തപുരം: ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന്റെ വിജയം ഭരണത്തുടർച്ചയുടെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നിൽനിന്നു പ്രവർത്തിച്ചെന്നും ഗോവിന്ദൻ ആരോപിച്ചു.
12,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയിൽ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നോക്കിയാൽ കോൺഗ്രസിന് വോട്ട് കുറഞ്ഞു. ഇടതുപക്ഷം 5,000ത്തിൽനിന്ന് 12,000 ആയി ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയവാദികളുടെയും മാധ്യമങ്ങളുടെയും എതിർപ്പ് മറികടന്നാണ് ചേലക്കരയിലെ യു.ആർ പ്രദീപിന്റെ വിജയം.
കേരളരാഷ്ട്രീയം എങ്ങോട്ടേക്കാണെന്നു വ്യക്തതയും ദിശാബോധവും നൽകുന്ന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് നിർണായകമായ ചുമതല വഹിക്കാനാകുമെന്നാണ് ഈ വിധിയിൽനിന്നു മനസിലാകുന്നത്. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് ഇതിലൂടെ പറയാനാകില്ല. സീറ്റ് നിലനിർത്താനായത് ഭരണത്തുടർച്ചയുടെ സൂചനയാണ്. രണ്ടാം ഊഴവും കഴിഞ്ഞ് മൂന്നാം ഊഴത്തിലേക്ക് ഇടതുപക്ഷ മുന്നണി സർക്കാർ പോകുമെന്നതിന്റെ കൃത്യമായ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് സ്വതന്ത്ര സ്ഥാനാർഥിയായ പി. സരിനെയാണ് ഞങ്ങൾ നിർത്തിയത്. സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അദ്ദേഹം ഇടതുപക്ഷത്തിനു വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ശക്തമായി ഒപ്പംനിർത്തി മുന്നോട്ടുപോകും. ഞങ്ങൾ മൂന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തും ഉണ്ടായിരുന്നപ്പോഴുണ്ടായിരുന്ന സീറ്റിലെ അന്തരം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
''എല്ലാ വർഗീയശക്തികളെയും ചേർത്തുനിർത്തിയാണ് അവിടെ യുഡിഎഫ് വിജയിച്ചത്. അവർക്കു വേണ്ടി പ്രധാനമായും പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം വന്ന ശേഷം ആദ്യം പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. മുസ്ലിം വർഗീയശക്തികളെ കൂടി ഐക്യമുന്നണിയുടെ ഭാഗമാക്കി ചേർത്തുനിർത്തിയാണ് ഈ കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം അവർക്കു ലഭിച്ചത്. ബിജെപിയാണ് അപകടമെന്നു കാണിച്ചു വലിയ രീതിയിൽ പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനായി ലീഗിനൊപ്പം മുന്നിൽനിന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. ഈ മഴവിൽ സഖ്യമാണ് അവിടെ പ്രവർത്തിച്ചത്. ഭൂരിപക്ഷ വർഗീയതും ന്യൂനപക്ഷ വർഗീയതയും ഇടതുപക്ഷമാണ് യഥാർഥ ശത്രു എന്ന രീതിയിൽ ഒരുമിച്ചു പ്രവർത്തിക്കുകയായിരുന്നു. കോൺഗ്രസിന്റെ വിജയത്തിനു പിന്നിൽ എസ്ഡിപിഐയ്ക്കും ജമാഅത്തെ ഇസ്ലാമിക്കുമുള്ള പങ്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും കാണുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ട് ബിജെപിയുടെ വോട്ട് എന്താണു ചെയ്തതെന്ന് പരിശോധിക്കണം. ബിജെപിയുടെ തകർച്ച എവിടെയാണെങ്കിലും ആഹ്ലാദകരമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളുടെ പിന്തുണയോടുകൂടിയാണ് അവർക്ക് ഈ ഭൂരിപക്ഷമുണ്ടാക്കാനായത്. ബിജെപിയുടെ വോട്ട് വലിയ തോതിൽ കുറഞ്ഞു. അതിന്റെ ഗുണഭോക്താക്കൾ ആരാണെന്നു പരിശോധിക്കണം. പാലക്കാട് ബിജെപിയുടെ വോട്ട് മറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Summary: 'SDPI and Jamaat-e-Islami behind Congress majority in Palakkad': Alleges MV Govindan