Kerala
ലോകത്ത് ഇന്നുവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോ?; വിഴിഞ്ഞത്തെ പൊലീസുകാരെ പുകഴ്ത്തി എം.വി ഗോവിന്ദൻ
Kerala

'ലോകത്ത് ഇന്നുവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോ?'; വിഴിഞ്ഞത്തെ പൊലീസുകാരെ പുകഴ്ത്തി എം.വി ഗോവിന്ദൻ

Web Desk
|
29 Nov 2022 9:55 AM GMT

വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് ഇന്ന് കേരളം ഇങ്ങനെ നിൽക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തിട്ടും വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലോകത്ത് ഇന്നുവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പേരിൽ നടക്കുന്നത് വലിയ അക്രമമാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ് ആക്രമിക്കുക, പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുക. വയർലെസ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ തകർക്കുക തുടങ്ങി കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സമരപന്തലിൽ ചില ആളുകൾ നടത്തിയ പ്രസംഗം പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നാണ്. ആ ചരിത്രം ഞങ്ങൾക്കുണ്ടെന്നും അവർ പറഞ്ഞു. എന്ത് അക്രമവും നടത്തുന്ന ചിലരാണ് ആളുകളെ ഇളക്കി വിടുന്നത്. അവർക്ക് കീഴടങ്ങാൻ സർക്കാർ തയ്യാറല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖം നിർത്തിവെക്കുന്നത് അല്ലാതെ എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണ്. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടത് തുറമുഖം വരണമെന്നാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Similar Posts