Kerala
MV GOVINDAN

എം.വി ഗോവിന്ദൻ 

Kerala

'തോന്ന്യാസം പറയുന്നതെല്ലാം ആരോപണമാണോ?'; ചോദ്യങ്ങളോട് ക്ഷോഭിച്ച് എം.വി ഗോവിന്ദൻ

Web Desk
|
7 May 2023 11:14 AM GMT

"സ്വർണത്തിന്റെ കാര്യത്തിലും ഇതു തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് എന്തായി. ഒന്നുമായില്ല. വെറുതെ ആവശ്യമില്ലാതെ കച്ചറയുണ്ടാക്കണ്ട."

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തോന്ന്യാസം പറയുന്നതെല്ലാം ആരോപണമാണോ എന്ന് ഗോവിന്ദൻ ചോദിച്ചു. സ്വർണക്കടത്തിലും ഇത്തരം കാര്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എഐ ക്യാമറ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. വിജിലൻസ് അന്വേഷണം കഴിയട്ടെ, എന്നിട്ട് പറയാം. മുഖ്യമന്ത്രി എന്തിനാണ് മറുപടി പറയേണ്ടത്. പ്രസാഡിയോയ്ക്ക് സർക്കാറുമായി ഒരു ബന്ധവുമില്ല. കെൽട്രോണുമായാണ് ബന്ധം. വെറുതെ ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഉപകരാറുകൾ എല്ലാം നിയമപരമാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് ആരോപണമാണ് ഉള്ളത്. വെറുതെ ആരോപണം എന്നു പറഞ്ഞു കൊണ്ടിരിക്കുയാണോ? തോന്ന്യാസം പറയുന്നതെല്ലാം ആരോപണം എന്നു പറഞ്ഞു നടക്കുകയാണോ? സ്വർണത്തിന്റെ കാര്യത്തിലും ഇതു തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് എന്തായി. ഒന്നുമായില്ല. വെറുതെ ആവശ്യമില്ലാതെ കച്ചറയുണ്ടാക്കണ്ട. ഒരു ചുക്കും ഇതിന്റെ ഭാഗമായി ഇല്ല. തോന്നിയത് പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരാൾ 132 കോടി പറയും. വേറെ ഒരാൾ നൂറു കോടി പറയും.'- അദ്ദേഹം പറഞ്ഞു.

എല്ലാ കരാറുകളുടെയും ഉത്തരവാദിത്വം കെൽട്രോണിനാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ' പ്രസാഡിയോയുമായുള്ള കാര്യത്തെ കുറിച്ച് ഞങ്ങൾ എന്തിനു പറയാണം. സർക്കാറിന് കെൽട്രോണുമായാണ് കരാർ. നിരവധി ഉപകരാറുകളുണ്ടാകും. അതിന്റെ ഉത്തരവാദി കെൽട്രോണാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിന് ഇതിൽ ബന്ധമില്ല. കരാർ കിട്ടാതിരുന്ന കമ്പനികൾ ഇങ്ങോട്ടു കയറി കളിക്കുകയാണ്. ആ കമ്പനിക്കു വേണ്ടി പ്രതിപക്ഷ നേതാവും നിങ്ങളും കളിച്ചു കൊണ്ടിരിക്കുകയാണ്. വഴിയെ പോകുന്നവർ ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ട ബാധ്യത ഞങ്ങൾക്കില്ല. അതിന് ഉത്തരം പറയില്ല. മുഖ്യമന്ത്രിയുടെ മുമ്പിൽ ഈ പരാതികൾ വന്ന സാഹചര്യത്തിൽ ജനുവരിയിൽ തന്നെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിന്റെ ഭാഗമായി നയാപൈസ നൽകിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 'മന്ത്രിമാർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല. കരാറിന്റെ ഭാഗമായി ഒരു നയാ പൈസ നൽകിയിട്ടില്ല. നാളെ കൊടുക്കേണ്ട. അഞ്ചു കൊല്ലം കൊണ്ട് കൊടുത്താൽ മതി. 20 ഗഡുവായി കൊടുത്താൽ മതി. അതു കൊടുക്കുകയും ചെയ്യും. ഇതിന്റെ പോസിറ്റീവ് വശം തലയിലേക്ക് കയറിയാൽ ബാക്കി എല്ലാ നെഗറ്റീവും പോയിക്കൊള്ളും.' - അദ്ദേഹം വ്യക്തമാക്കി.





Similar Posts