കളമശ്ശേരി സ്‌ഫോടനം: രാഷ്ട്രീയമായി നോക്കിയാൽ ഭീകരപ്രവർത്തനമെന്ന് മനസിലാക്കണം-എം.വി ഗോവിന്ദൻ
|ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണിതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കൊച്ചി: കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിലുണ്ടായ സ്‌ഫോടനം ഫലസ്തീൻ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ പര്യാപ്തമായ സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണിത്. ഒറ്റക്കെട്ടായി ഇതിനെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഇത്തരം സംഭവം ഭീകരപ്രവർത്തനത്തിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റു വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥർ അങ്ങോട്ട് പോകുന്നുണ്ട്. വിഷയം ഗൗരവമായി തന്നെ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 36 പേർ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 10 പേർക്കാണ് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാർഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോൾ ഹാളിൽ 2200 ആളുകളുണ്ടായിരുന്നു.