'കമ്പനികൾ തമ്മിലുള്ള പ്രശ്‌നം, പാർട്ടി മറുപടി പറയേണ്ടതില്ല': മാസപ്പടി മൊഴിയെടുപ്പിൽ എം.വി ഗോവിന്ദൻ
|'പിണറായി വിജയനെന്ന മുഖ്യമന്ത്രിയേയും രാഷ്ട്രീയ നേതാവിനെയും ഈ കേസിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ആ ശ്രമം രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി പ്രതിരോധിക്കും.'
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാസപ്പടിയിൽ പാർട്ടി മറുപടി പറയേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വ്യക്തമായ നിലപാട് പാർട്ടി മുൻപ് തന്നെ സ്വീകരിച്ചിട്ടുണ്ട്. കമ്പനികൾ തമ്മിലുള്ള പ്രശ്‌നത്തിലും തർക്കത്തിലും പാർട്ടി എന്ന നിലയിൽ മറുപടി പറയേണ്ട കാര്യമില്ല. പിണറായി വിജയനെന്ന മുഖ്യമന്ത്രിയേയും രാഷ്ട്രീയ നേതാവിനെയും ഈ കേസിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ആ ശ്രമം രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ അന്നും ഇന്നും നാളെയും ഫലപ്രദമായി പ്രതിരോധിക്കും. കേസ് നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ അതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും ബിജെപിയും ചേർന്ന് കേസെല്ലാം അവസാനിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ ഇന്ന് വീണ്ടും തിരുത്താതെ പറയുന്നു കേസ് മുഖ്യമന്ത്രിയിലേക്ക് എത്താൻ പോവുകയാണെന്ന്. ശുദ്ധ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് പഠിച്ച മാധ്യമ ശൃംഖലയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.