'പാർട്ടിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു'; പ്രതികരണവുമായി എം.വി ഗോവിന്ദൻ
|'പരീക്ഷ എഴുതാതെ ഒരാൾ ജയിക്കുന്നു. വലിയ അത്ഭുതകരമായ കാര്യമാണിത്'
കൊച്ചി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ ഗൂഢാലോചന നടന്നെന്ന് എം.വി.ഗോവിന്ദൻ. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു. വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
'പരീക്ഷ എഴുതാതെ ഒരാൾ ജയിക്കുന്നു. വലിയ അത്ഭുതകരമായ ഒരു കാര്യമാണിത്. എസ് എഫ്ഐക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് വ്യക്തമാണ്. ഇതിൽ പൂർണമായൊരു അന്വേഷണം നടത്തണം'- എംവിഗോവിന്ദൻ പ്രതികരിച്ചു.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് ആർഷോയും. സാങ്കേതിക പിഴവെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം ശരിയല്ല. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്നും ആർഷോ മീഡിയവണിനോട് പറഞ്ഞു
അതേസമയം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രിൻസിപ്പാൾപ്രാഥമിക റിപ്പോർട്ട് കൈമാറി. സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉന്നത വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർക്കാണ് കോളജ് പ്രിൻസിപ്പൽ വി.എസ് ജോയ് റിപ്പോർട്ട് നൽകിയത്.