'രാഷ്ട്രീയം നോക്കാതെ സൗഹൃദം സൂക്ഷിച്ച നേതാവ്': എം.വി.ഗോവിന്ദൻ
|'അമ്പതാണ്ടിലേറെയായി കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഇല്ലാതാകുന്നത്'
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കക്ഷി രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് എം.വി.ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉമ്മൻചാണ്ടി വിടവാങ്ങുമ്പോൾ അമ്പതാണ്ടിലേറെയായി കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഇല്ലാതാകുന്നതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.
ജനജീവിതത്തിൽ ഇഴുകിച്ചേർന്ന നേതാവായിരുന്നു ഉമ്മന്ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ഉമ്മൻചാണ്ടിയെ നയിച്ചതെന്നും രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തിയാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.