ജമാഅത്തെ ഇസ്‌ലാമിയുമായും എസ്ഡിപിഐയുമായും ചേർന്ന് നിൽക്കുന്ന ലീഗ് നിലപാടിൽ പാർട്ടിക്ക് ഉത്കണ്ഠയുണ്ട്: എം.വി ഗോവിന്ദൻ
|ലീഗ് വർഗീയ ശക്തികളുമായി ചേരുന്നു എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തൃശൂർ: മുസ്‌ലിം ലീഗിന്റെ മതനിരപേക്ഷ ഉള്ളടക്കത്തിന് മുകളിൽ ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും നിലപാടിന് സ്വാധീനം കിട്ടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗ് വർഗീയ ശക്തികളുമായി ചേരുന്നു എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിക്കുമുള്ളത്. ഇസ്‌ലാമിക രാഷ്ട്രീയം വേണമെന്ന വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ് ലാമിയുമായും എസ്ഡിപിഐയുമായും ചേർന്ന് നിൽക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വന്നത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജ് ആണ്. കോൺഗ്രസ് ജില്ലാ നേതൃത്വം ഐകകണ്ഠമായി കെ. മുരളീധരനെയാണ് ശിപാർശ ചെയ്തതെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഡിസിസി തീരുമാനം നടപ്പാക്കുന്നത് തടഞ്ഞത് സതീശനും ഷാഫി പറമ്പിലും ചേർന്നാണ് ഇത് കോൺഗ്രസിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും. ശശി തരൂരും വെള്ളാപ്പള്ളി നടേശനും അടക്കമുള്ളവർ സരിൻ മിടുക്കനായ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തൃശൂർ പൂരം കലക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അത് വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അക്കാര്യം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.