ഇംഗ്ലണ്ടിലെ പള്ളികളെക്കുറിച്ചുള്ള എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ദുരുദ്ദേശ്യപരം: ലത്തീൻ സഭ
|തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ജൽപനങ്ങൾക്കെതിരെ സമുദായം പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് ലത്തീൻ സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കെ.ആർ.എൽ.സി.സിയുടെ ഭാരവാഹികൾ പറഞ്ഞു.
കൊച്ചി: ഇംഗ്ലണ്ടിലെ ക്രൈസ്തവ പള്ളികളെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ പ്രസ്താവന അപക്വവും ദുരുദ്ദേശ്യപരവുമാണെന്ന് ലത്തീൻ കത്തോലിക്ക സഭ. എന്താണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് വ്യക്തമാകുന്നില്ല. എന്തിന്റെ പുറപ്പാടാണെന്നും അറിയില്ല.ഒരു സഭാ സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവന ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ ഉന്നതനായ നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ല. ലോകത്ത് മാറ്റങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകും. ജനങ്ങളുടെ എത്രയോ പ്രശ്‌നങ്ങൾ കേരളത്തിലുണ്ട്. അതെല്ലാം വിട്ടിട്ട് ഒരു സമൂഹത്തെ ലക്ഷ്യംവെച്ചുള്ള പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ജൽപനങ്ങൾക്കെതിരെ സമുദായം പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ലത്തീൻ സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കെ.ആർ.എൽ.സി.സിയുടെ പ്രസിഡന്റ് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലും, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും അഭിപ്രായപ്പെട്ടു.