Kerala
MV Govindan with legal battle against Swapna; A complaint will be filed directly with the court

എം.വി ഗോവിന്ദൻ, സ്വപ്ന സുരേഷ് 

Kerala

സ്വപ്‌നയ്‌ക്കെതിരെ നിയമപോരാട്ടവുമായി എം.വി ഗോവിന്ദൻ; കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകും

Web Desk
|
29 April 2023 12:45 PM GMT

ക്രിമിനൽ കേസിന് പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യുമെന്നും എം.വി ഗോവിന്ദന്റെ അഭിഭാഷകൻ

തളിപ്പറമ്പ്: സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷിനെതിരെ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ തളിപ്പമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്മാറാൻ കടമ്പേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിനെതിരെയാണ് എം വി ഗോവിന്ദൻ കോടതിയെ സമീപിക്കുന്നത്.

നേരത്തെ ഇതേ വിഷയത്തിൽ സി.പി.എം തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ അന്വേഷണം ആറുമാസത്തേക്കു ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം.വി ഗോവിന്ദൻ നേരിട്ട് കോടതിയെ സമീപിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഹാജരാവുകയെന്നും ക്രിമിനൽ കേസിനു പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യുമെന്നും എം.വി ഗോവിന്ദന്റെ അഭിഭാഷകൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്‌ന ആരോപിച്ചത്. എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന ആരോപിച്ചു. ബംഗലൂരുവിലായിരുന്ന സ്വപ്ന സുരേഷ് ഫേസ്ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്റെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്‌ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്‌പോർടും വിസയും നൽകാമെന്നുമായിരുന്നു വാഗ്ധാനം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിലെന്നും വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ് സംസാരിച്ചുവെന്നും സ്വപ്‌ന അന്ന് പറഞ്ഞു. വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ഇടനിലക്കാരന്റെ ചിത്രമടക്കം സ്വപ്ന സുരേഷ് പരാതി നൽകിയിരുന്നു.

Similar Posts