കെ.കെ ശൈലജക്കെതിരായ അശ്ലീല പ്രചാരണത്തിന് പിന്നിൽ ചില മാധ്യമങ്ങളുടെ ബോധപൂർവ ഇടപെടൽ- എം.വി ഗോവിന്ദൻ
|സ്വന്തം ഐ.ഡികളിൽ നിന്നാണ് യു.ഡി.എഫ് പ്രവർത്തകർ പ്രചാരണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇടുക്കി: കെ.കെ.ശൈലജയ്ക്ക് നേരെയുള്ള സൈബർ ആക്രമണം അതീവ ഗൗരവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യു.ഡി.എഫ് നേതൃത്വമോ വടകരയിലെ സ്ഥാനാർഥിയോ അറിയാതെ ഇത് നടക്കില്ലെന്ന് വ്യക്തമാണ്. സ്വന്തം ഐ.ഡി.കളിൽ നിന്നാണ് യു.ഡി.എഫ് പ്രവർത്തകർ പ്രചാരണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അശ്ലീലം പ്രചരിപ്പിച്ച് സൈബർ ആക്രമണം നടത്താനുള്ള യു.ഡി.എഫ് ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല. അശ്ലീല പ്രചരണത്തിന് പിന്നിൽ ചില മാധ്യമങ്ങളുടെ ബോധപൂർവമായ ഇടപെടലുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി സൈബർ ആക്രമണത്തിനായി പ്രത്യേക സംഘത്തെ വടകരയിൽ ഇറക്കിയിട്ടുണ്ടെന്നും കേരളത്തിൽ ഏറ്റവും ആദ്യം എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലം വടകരയായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നുമാണ് കെ.കെ ശൈലജയുടെ ആരോപണം. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.