'ഗവർണറുടേത് നിലവിട്ട പെരുമാറ്റം, ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്ന് മനസ്സിലായി': രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ
|കേന്ദ്ര അവഗണനയ്‌ക്കെതിരായ ഫെബ്രുവരി എട്ടിലെ സമരം കൂടുതൽ വിപുലമാക്കുമെന്നും എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണറുടെ നിലപാടുകൾ അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലവിട്ട പെരുമാറ്റമാണ് ഗവർണറുടേതെന്നും അദ്ദേഹവുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"ഗവർണർ കുറേനാളുകളായി എടുക്കുന്ന നിലപാടുകൾ ഭരണഘടനാപരമായി അദ്ദേഹത്തിന് സ്ഥാനത്തിന് യോജിക്കുന്നവയല്ല. ഇത് പല തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സുപ്രിംകോടതിയിൽ ഇവ സംബന്ധിച്ച് കേസുകളുമുണ്ട്.
നയപ്രഖ്യാപന പ്രസംഗം നോക്കൂ. തന്റെ ദൗത്യം അദ്ദേഹമവിടെ നിർവഹിക്കുകയാണുണ്ടായത്. ഭരണഘടനാപരമായി പ്രസംഗം നിയമസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. സാങ്കേതികമായ രീതിയിലാണ് നയപ്രഖ്യാപനപ്രസംഗം കൈകാര്യം ചെയ്യപ്പെട്ടത്. സാധാരണ ഗവർണർമാരുടെ കീഴ്‌വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതികമായ ഭരണഘടനാ ബാധ്യത അദ്ദേഹം നിർവഹിച്ചു എന്നു വേണം പറയാൻ. അദ്ദേഹത്തിന് ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്ന് അന്നത്തോടെ മനസ്സിലായി
ഒരു ഗവർണർ എന്ന നിലയിൽ പൊതുവിൽ പെരുമാറേണ്ട രീതിയിലല്ല അദ്ദേഹമന്നവിടെ പെരുമാറിയത്. ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയായിരുന്നു അതെന്ന് പകൽവെളിച്ചം പോലെ വ്യക്തമാണ്. നിലവിട്ട പെരുമാറ്റമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ഗവർണർക്കെതിരായ വിമർശനങ്ങൾക്കൊപ്പം ഇതും ചേർത്തു വയ്ക്കാം". ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര അവഗണനയ്‌ക്കെതിരായ ഫെബ്രുവരി എട്ടിലെ സമരം കൂടുതൽ വിപുലമാക്കുമെന്നും അറിയിച്ച സിപിഎം സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ തേടിയിട്ടുണ്ടെന്നും കേന്ദ്രത്തിനെതിരെ പൊതുപ്രതിഷേധമായി സമരം മാറുമെന്നും കൂട്ടിച്ചേർത്തു.