Kerala
കെ.സുധാകരന്റെ അറിവോടെയാണ് എകെജി സെന്ററിന് ബോംബെറിഞ്ഞതെന്ന് എം.വി ജയരാജൻ
Kerala

കെ.സുധാകരന്റെ അറിവോടെയാണ് എകെജി സെന്ററിന് ബോംബെറിഞ്ഞതെന്ന് എം.വി ജയരാജൻ

Web Desk
|
1 July 2022 12:24 PM GMT

രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോൾ തോട്ടിന്റെ കരയിൽപോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂർ: എകെജി സെന്ററിന് ബോംബെറിഞ്ഞത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറിവോടെയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഡിസിസിയിൽ ബോംബ് നിർമിച്ച ആളാണ് സുധാകരൻ. അയാൾ കെപിസിസി പ്രസിഡന്റ് ആയപ്പോൾ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

കെ.സുധാകരന് വട്ടാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇക്കാര്യം കോൺഗ്രസിൽ കുറച്ച് നേതാക്കൾക്ക് മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടിയപ്പോൾ തോട്ടിന്റെ കരയിൽപോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു.

ഇന്നലെ രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഒരാൾ ഓഫീസിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല.

Similar Posts