'സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ചില ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കണം'; എം.വി ജയരാജൻ
|'കൈ ശുദ്ധമായത് കൊണ്ടാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കാത്തത്'
കണ്ണൂർ: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. 'ചില ബി.ജെ.പി നേതാക്കൾക്കും മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ടോ എന്ന് സംശയിക്കണം. വിജയ് പിള്ള എന്ന പേര് മാധ്യമങ്ങൾ വിജേഷ് പിള്ള എന്ന് തിരുത്തി നൽകിയത് എങ്ങനെയാണ്. റിലീസ് ചെയ്ത ഉടൻ പൊളിഞ്ഞു പോയ സിനിമയാണ് പുതിയ ആരോപണം'. കൈ ശുദ്ധമായത് കൊണ്ടാണ് സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കാത്തതെന്നും ജയരാജൻ പറഞ്ഞു.
' സ്വപ്നയുടെ ആരോപണം സംസ്ഥാന സെക്രട്ടറിയുടെ ജാഥ വിജയിച്ചതിൽ വിഭ്രാന്തി പൂണ്ടവർ തയ്യാറാക്കിയ തിരക്കഥയാണ്. ചോദ്യങ്ങൾ ഒഴിവാക്കാനാണ് ആരോപണം ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ചത്. എം.വി ഗോവിന്ദനുമായി ഒരു ബന്ധവുമില്ലന്ന് വിജേഷ് പിള്ള പറഞ്ഞിട്ടുണ്ട്. വിജേഷിന്റെ കുടുംബം ശൈവ പിള്ള കുടുംബത്തിൽ പെട്ട ആളാണ്. 30 കോടി കൊടുക്കാൻ ആസ്തിയില്ലാത്ത ഒരാളാണ് വിജേഷ് എന്ന് കരുതുന്നില്ല. ഓട്ടോറിക്ഷ ഓടിച്ചാണ് വിജേഷിന്റെ പിതാവ് കുടുംബം പോറ്റുന്നത്.' ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഏഷ്യാനെറ്റ് റിപ്പോർട്ടറെ ബിൻലാദനോട് ഉപമിച്ച് വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം എം.വി ജയരാജൻ തള്ളി. നൗഫലിനെ ലാദനോട് ഉപമിച്ചിട്ടില്ല. യൂസഫിന്റെ മകൻ ആണ് നൗഫൽ എന്ന് സൂചിപ്പിക്കാൻ ആണ് ഈ പരാമർശം നടത്തിയത്. ഉദാഹരണമായി ലാദന്റെ മകനാണ് ഒസാമ എന്ന് പറഞ്ഞു എന്ന് മാത്രം.എം.വി ജയരാജൻ പറഞ്ഞു.