അമിത ശബ്ദത്തിൽ ഹോൺ മുഴക്കിയാലും സൈലൻസറിനും പിടിവീഴും; പുതുവർഷത്തിൽ കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്
|'സുരക്ഷിത പുലരി' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. അപകട സാധ്യത മേഖലകളിൽ ആർ.ടി.ഒമാർ പരിശോധന നടത്തും.
പുതുവർഷ ആഘോഷത്തിൽ വാഹനങ്ങളിൽ ചീറുപ്പായുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. 31 നും പുതുവർഷത്തിലും വാഹനത്തിൽ ചീറിപാഞ്ഞാൽ പിടിവീഴും. 'സുരക്ഷിത പുലരി' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. അപകട സാധ്യത മേഖലകളിൽ ആർ.ടി.ഒമാർ പരിശോധന നടത്തും. കാറുകളിൽ ശരീരഭാഗങ്ങൾ പുറത്തിട്ടുള്ള അഭ്യാസ പ്രകടനത്തിനും പിഴ ഈടാക്കും. അമിത ശബ്ദത്തിൽ ഹോൺ മുഴക്കുക, സൈലൻസർ പ്രവർത്തിക്കുക എന്നിവക്കും പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പുതുവർഷാഘോഷത്തിന് സംസ്ഥാനത്ത് നേരത്തെ തന്നെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കയ്യിൽ കരുതണമെന്നും പൊലീസ് അറിയിച്ചു.