'വാഹനത്തിൽ കൂളിങ് ഫിലിമുകൾ വേണ്ട'; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്
|"വലിയ വില നൽകേണ്ടി വരുന്ന 'ചെറിയ' കുറ്റമാവാം ഈ സ്റ്റിക്കറുകൾ"
വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കൂളിങ് ഫിലിം ഒട്ടിക്കുന്നത് നിയമപരമായി തെറ്റാണെന്നും സുപ്രിംകോടതി പ്രത്യേക വിധിയിലൂടെ നിരോധിച്ചതാണ് എന്നും വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എംവിഡി കേരള കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
*കൂളിംഗ് ഫിലിം അത്ര 'കൂൾ ' അല്ല*
വാഹനങ്ങൾക്കുള്ളിൽ ഒരു കുളിർമ കിട്ടും എന്ന വിശ്വാസത്തിൽ വിഷൻ ഗ്ലാസ്സുകളിൽ കൂളിംഗ് ഫിലിമുകൾ എന്ന പേരിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് ഇപ്പോൾ ട്രെൻഡിംഗ് ആണല്ലോ ? ഇത് നിയമപരമായി തെറ്റായ ഒരു പ്രവൃത്തിയാണെന്ന് നമ്മിലെത്രപേർക്ക് അറിയാം ? സംശയമാണ്.
ഇനി സംശയം വേണ്ട. ഇതൊരു കൃത്യമായ ഒരു നിയമലംഘനം തന്നെയാണെന്ന് എല്ലാ വാഹന ഉടമകളും ഉപയോക്താക്കളും ഇനിയെങ്കിലും മനസ്സിലാക്കുക.
നിർദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകൾ തങ്ങളുടെ വാഹനങ്ങളിൽ അല്ലെങ്കിൽ തങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടെങ്കിൽ അത് ഒരു നിയമലംഘനമാണെന്ന് അറിഞ്ഞ്, കഴിവതും വേഗം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക.
പുതുതലമുറ വാഹനങ്ങളിലെ ഗ്ലാസ്സുകൾ, പഴയ തലമുറ വാഹനങ്ങളെ അപേക്ഷിച്ച് വിശാലവും പൂർണ്ണമായും സുതാര്യവുമായാണ് നിർമ്മിച്ചിരിക്കുന്നത്. അപകട സാദ്ധ്യത കൂടുതലായ റോഡ് യാത്രാ സാഹചര്യങ്ങളിൽ, റോഡ് ഉപയോക്താക്കളുടെ ആകമാനസുരക്ഷയ്ക്ക് ഡ്രൈവറുടെ തടസങ്ങളില്ലാത്ത കാഴ്ച വളരെ പ്രധാനമായ സംഗതിയാണ് എന്ന് തിരിച്ചറിഞ്ഞാണ് അവ അത്തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്നത്. ഒപ്പം ഒരു അപകടത്തിൽ യാത്രക്കാർക്കും മറ്റു റോഡുപയോക്താക്കൾക്കും സംഭവിക്കാവുന്ന പരിക്കുകൾ മരണകാരണങ്ങൾ ചുരുക്കുക എന്നതും പരിഗണിച്ചാണ് അവയുടെ രൂപകല്പന എന്നറിയുക.
പ്രധാനമായും രണ്ട് തരത്തിലുള്ള ചില്ലുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്. മുൻ വശത്തെ ഗ്ലാസ്സുകൾ ലാമിനേറ്റഡ് തരത്തിലും വശങ്ങളിലേയും പിന്നിലേയും ഗ്ലാസ്സുകൾ ടഫൻഡ് ഗ്ലാസ്സുകളും ആയിരിക്കും. മുൻപിൻ ഗ്ലാസ്സുകളെ വിൻഡ് ഷീൽഡ് ഗ്ലാസ്സുകൾ എന്നും പറയും. കാരണം വാഹനം മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ ചലിക്കുമ്പോൾ അതിമർദ്ദത്തിൽ വന്നിടിക്കുന്ന വായുവിനേയും പ്രതിരോധിക്കുക എന്നതുമുണ്ട് അവയുടെ കർത്തവ്യം. മുൻ വശത്തെ വിൻഡ് ഷീൽഡ്, രണ്ട് പാളി ഗ്ലാസ്സുകൾ ഒട്ടിച്ചു ചേർത്ത് വച്ച് ലാമിനേറ്റ് ചെയ്തതിനാലാണ് അതിനെ ലാമിനേറ്റഡ് ഗ്ലാസ്സ് എന്ന് പറയുന്നത്. ഇത് മുന്നിൽ നിന്ന് അടിക്കുന്ന വായുവിന്റെ അതിമർദ്ദത്തെ അതിജീവിക്കുവാൻ സഹായിക്കുന്നു. കൂടാതെ ചെറിയ കല്ലുകളോ ഉറപ്പുള്ള എന്തെങ്കിലും വസ്തുവോ ഗ്ലാസ്സിൽ തട്ടിയാൽ അതിന്റെ ബലം ഒരു പരിധി താങ്ങാനും ഈ ലാമിനേഷൻ സഹായിക്കുന്നു. കൂടാതെ ഗ്ലാസ്സ് പൊട്ടുകയാണെങ്കിൽ അത് പൊട്ടിച്ചിതറാതെ നിൽക്കുകയും മുന്നിൽ വന്നിടിക്കുന്ന ഉറപ്പുള്ള വസ്തു, ഡ്രൈവർക്കോ യാത്രക്കാർക്കോ നേരെ ഉള്ളിലേയ്ക്ക് വരാതെ ഒരു ഷീൽഡ് അഥവാ പരിചയായി തടയുന്നതിനും ഈ ലാമിനേഷൻ സഹായിക്കുന്നു. ഇനി വശങ്ങളിലേയും പിറകിലേയും ഗ്ലാസ്സുകൾക്ക് പക്ഷെ ഇത്തരത്തിലുള്ളവ അല്ല. അവ ഉറപ്പുള്ള വസ്തുക്കളുടെ ആഘാതത്തിൽ കൂർത്ത അറ്റങ്ങൾ ഇല്ലാത്ത തരികളായി പൊടിഞ്ഞു വീഴുന്നത് നാം കണ്ടിട്ടുണ്ടാകും. ഇതും യാത്രക്കാർക്കോ ഇതിൽ വന്നിടിക്കുന്നവർക്കോ അധികം പരിക്കേൽപ്പിക്കാതെ രക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ നിന്നും ആൾക്കാരെ, ഗ്ലാസ്സ് ചില്ലുകൾ കൊണ്ടുള്ള പരിക്കേൽക്കാതെ പുറത്തിറക്കുന്നതിനും ഉപകാരപ്പെട്ടേയ്ക്കാം. കൂളിംഗ് ഫിലിമുകൾ ഒട്ടിച്ച ജനാല ചില്ലുകൾ ഒരു പക്ഷെ ഇത്തരത്തിലുള്ള റെസ്ക്യൂ ഓപ്പറേഷനുകൾക്ക് തടസ്സമായേക്കാം. വലിയ വില നൽകേണ്ടി വരുന്ന 'ചെറിയ' കുറ്റമാവാം ഈ സ്റ്റിക്കറുകൾ.
അതിനാൽ ഇത്തരത്തിൽ വിവിധ ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് ഡിസൈൻ ചെയ്ത് ഫിറ്റ് ചെയ്തിട്ടുള്ള ചില്ലുകളിൽ ഇത്തരത്തിൽ 'കൂളിംഗ് ഫിലിമുകൾ' പതിക്കുന്നത് നിയമപരമായി തന്നെ നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ സാമൂഹികസുരക്ഷ (പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും) മുൻനിർത്തി സുപ്രീം കോടതി തന്നെ പ്രത്യേക വിധിയിലൂടെ കർശനമായി നിരോധിച്ചിട്ടുള്ള ഒന്നുമാണെന്നും അറിയുക.