സ്കൂട്ടറുകളിൽ പവർ കൂട്ടി വിൽപന; ഇലക്ട്രിക് ഷോറൂമുകളിൽ വ്യാപക പരിശോധന
|250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകളിൽ 1,000 വാട്ട് വരെ പവർ കൂട്ടിയാണ് വിൽപന നടക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി
കൊച്ചി: നഗരത്തിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ നാല് ഷോറൂമുകളിൽ നിയമലംഘനം കണ്ടെത്തി.
ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ 12 ഷോറൂമുകളിൽ എം.വി.ഡി പരിശോധന നടന്നത്. സ്കൂട്ടറുകളിൽ നിർദേശിച്ചതിലും അധികം പവർ കൂട്ടിയാണ് വിൽപ്പന നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകളിൽ 1,000 വാട്ട് വരെ പവർ കൂട്ടിയാണ് വിൽപന നടക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയ നാല് ഷോറൂമുകൾ അടച്ചുപൂട്ടാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 12 ബ്രാൻഡുകൾക്ക് നോട്ടിസും നൽകിയിട്ടുണ്ട്. വിവിധ ഷോറൂമുകൾക്ക് പിഴ ഈടാക്കിയിട്ടുമുണ്ട്.
ലൈസൻസ് വേണ്ടാത്ത സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കി.മീറ്ററാണ്. 250 വാട്ട് ബാറ്ററിയാണ് ഈ വാഹനങ്ങളിലുള്ളത്. ഇവ കൊച്ചി നഗരത്തിലടക്കം 48 കി.മീറ്റർ വരെ വേഗതയിൽ ഓടുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് ഗതാഗത വകുപ്പിന്റെ പരിശോധന.
Summary: Motor vehicle department inspects electric scooter showrooms in Kochi. The investigation was based on a report of tampering with scooters. Violations were found in four showrooms during the inspection