വാളയാറിലും റോബിൻ ബസ് തടഞ്ഞ് എം.വി.ഡി പരിശോധന
|മുൻകൂട്ടി ബുക്ക് ചെയ്തവർ തന്നെയാണോ ബസിൽ യാത്ര ചെയ്യുന്നതെന്ന് നോക്കാനായിരുന്നു പരിശോധന.
പാലക്കാട്: സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ വീണ്ടും തടഞ്ഞ് പരിശോധിച്ച് എം.വി.ഡി. വാളയാറിലായിരുന്നു പരിശോധന. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ബസ് വിട്ടയച്ചു.
മുൻകൂട്ടി ബുക്ക് ചെയ്തവർ തന്നെയാണോ ബസിൽ യാത്ര ചെയ്യുന്നതെന്ന് നോക്കാനായിരുന്നു പരിശോധന. വഴിയിൽ നിന്ന് ആരെങ്കിലും കയറിയെങ്കിൽ അത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു.
പെർമിറ്റ് ലംഘനത്തെ തുടർന്ന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഇന്നാണ് സർവീസ് പുനരാരംഭിച്ചത്. പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന ബസിനെ നേരത്തെ മയിലപ്രയിലും മൂവാറ്റുപുഴയിലും എം.വി.ഡി തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മൂന്നാമതായി വാളയാറിലും പരിശോധന നടന്നത്.
41 യാത്രക്കാരുമായി ഇന്ന് പുലർച്ചെയാണ് ബസ് പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് പുനരാരംഭിച്ചത്. പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നവംബർ 23ന് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു.