Kerala
എന്‍റെ രണ്ടു മക്കളാണേ സത്യം, പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല; സോളാര്‍ കേസില്‍ എ.പി അബ്ദുല്ലക്കുട്ടി
Kerala

"എന്‍റെ രണ്ടു മക്കളാണേ സത്യം, പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല"; സോളാര്‍ കേസില്‍ എ.പി അബ്ദുല്ലക്കുട്ടി

Web Desk
|
28 Dec 2022 3:48 PM GMT

'അപമാനിക്കാം പക്ഷേ രാഷ്ട്രീയമായി എന്നെ നിങ്ങൾക്ക് അവസാനിപ്പിക്കാൻ സാധിക്കില്ല'

കോഴിക്കോട്: സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സി.ബി.ഐ നടപടിയില്‍ പ്രതികരണവുമായി എ.പി അബ്ദുല്ലക്കുട്ടി. സോളാര്‍ വിവാദം ഉയര്‍ന്ന ആദ്യ സമയത്ത് പറഞ്ഞ അതേ കാര്യം തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് പറഞ്ഞ അബ്ദുല്ലക്കുട്ടി അവസാനം സത്യം വിജയിച്ചതായും വ്യക്തമാക്കി. "എന്‍റെ രണ്ടു മക്കളാണേ, സത്യം ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല", ഇതായിരുന്നു അന്നത്തെ പ്രതികരണമെന്നും ഇതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പീഡനാരോപണം ഉയര്‍ന്ന സമയത്തെ അനുഭവങ്ങളും ഓര്‍മ്മകളും ചിത്രവും പ്രതിപാദിച്ചുള്ള കുറിപ്പില്‍ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്.

എ.പി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സോളാർ പീഡന പരാതി സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് എന്‍റെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകാരും വിളിച്ചു. പക്ഷേ എനിക്ക് പ്രതികരിക്കാൻ പറ്റിയില്ല എന്നോട് ക്ഷമിക്കുക. എനിക്ക് പുതുതായി ഒന്നും പറയാനില്ല. അന്ന് ഈ പരാതി വന്ന ഉടനെ കേരളത്തിലെ മാധ്യമപ്രവർത്തകരോട് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? അതേ വാചകം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്

"എന്‍റെ രണ്ടു മക്കളാണേ ... സത്യം ജീവിതത്തിൽ ഒരിക്കലും പരാതിക്കാരിയെ ഞാൻ കണ്ടിട്ട് പോലുമില്ല"

ഇതായിരുന്നു അന്നത്തെ എന്‍റെ പ്രതികരണം. പിന്നീട് ഇതുവരെ ആ വിഷയത്തെക്കുറിച്ച് ഞാൻ എവിടെയും പറയാൻ മെനക്കെട്ടിട്ടില്ല. ഇപ്പോൾ സത്യം വിജയിച്ചു ആശ്വാസമായി. ഇന്ന് വാർത്ത ചാനലുകളിൽ ബ്രേക്കിംഗ് ആയി വാർത്ത വന്ന ഉടനെ ഞാൻ വിളിക്കാൻ ശ്രമിച്ചത് എന്‍റെ മകളെയാണ്. വർഷങ്ങൾക്കു മുമ്പ് അവൾ മൂന്നാം ക്ലാസ് പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് ഞാനും കുടുംബവും തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്‍റെ മകൾ സ്കൂളിൽ നിന്ന് വന്ന് പറയുന്നത് ക്ലാസിൽ കുട്ടികൾ പപ്പയെ കളിയാക്കുന്ന കാര്യമാണ്. ഒരു പിതാവ് എന്ന രീതിയിൽ ഞാനന്ന് മൂന്നാം ക്ലാസുകാരിയായ മകളുടെ മുമ്പിൽ തകർന്നുപോയി. അവൾ ഇനി സ്കൂളിൽ പോകില്ല എന്ന് ശഠിച്ചു.

ഞാനും ഭാര്യയും വലിയ പ്രതിസന്ധിയിലായി. മകൾ തമന്ന ഒരു കണ്ടീഷൻ വെച്ചു, മലയാളം വാർത്തകൾ ഇല്ലാത്ത നാട്ടിലേക്ക് പോകാം. അങ്ങനെ ഞാനും വൈഫും ഒക്കെ ആലോചിച്ചിട്ടാണ് ഞങ്ങൾ കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പാലായനം ചെയ്തത്.

ഞാനെന്ന പുത്രനും ഞാനെന്ന പിതാവും ഞാനെന്ന ഭർത്താവും മാനസികമായി അന്ന് തകർന്നപ്പോൾ, കൂടെ കട്ടക്ക് നിന്ന ഉമ്മാക്കും ഭാര്യക്കും മക്കൾക്കും സുഹൃത്തുക്കളേയും ഒരുപാട് സ്മരിക്കുന്നു.

ചില അനുഭവങ്ങൾ പറയട്ടെ

1. കെ സുധാകരന്‍റെ ഉപദേശം ഒളിവിൽ പോകണമെന്നായിരുന്നു, ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു ? ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഒളിവിൽ പോകണം ! നിരപരാധിയാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.

മറ്റൊരു സംഭവം, ഡി.വൈ.എഫ്.ഐക്കാർ കണ്ണൂരിൽ വച്ച് എന്നെ വളഞ്ഞിട്ട് ആക്രമിച്ചതാണ്. അവരെന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമല്ല, ദേഹോപദ്രവം ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ നിലത്ത് വീണു കിടക്കുന്ന കൂപ്പു കൈയ്യോടെയുളള എന്‍റെ ഒരു ചിത്രം പത്രങ്ങളിലൊക്കെ വന്നു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു "എന്നെകൊല്ലരുതേ ".

പക്ഷേ നിങ്ങൾക്കറിയോ ഞാനന്ന് മനസ്സിൽ പറഞ്ഞത് 'എന്നെ കൊന്ന് താ' എന്നാണ്. കാരണം ഭാര്യയും മക്കളും ഉമ്മയും ഉപ്പയും ഒക്കെ ഉള്ള ഒരു സാധാരണ പച്ച മനുഷ്യനാണ് ഞാനും.

ഇത്തരമൊരു കേസിൽ നിയമത്തിന്‍റെ മുമ്പിൽ നമുക്ക് വിചാരണ ചെയ്യപ്പെടാം. പക്ഷേ പാർട്ടി കോടതിയുടെ ഈ വിചാരണയ്ക്കിടയിലെ അപമാനിക്കപ്പെട്ടപ്പോൾ എന്നെ കൊന്ന് താ എന്നല്ലാതെ എന്ത് പറയാൻ. പിന്നീട് ഒരിക്കൽ ബിജു കണ്ടക്കൈ എന്ന ഡി.വൈ.എഫ്.ഐ നേതാവിനെ കണ്ടപ്പോൾ ഞാൻ താമശ രൂപത്തിൽ പറഞ്ഞു:-

അപമാനിക്കാം പക്ഷേ രാഷ്ട്രീയമായി എന്നെ നിങ്ങൾക്ക് അവസാനിപ്പിക്കാൻ സാധിക്കില്ല.

മൂന്നാമത്തേത് ഈ പരാതിക്കാരിയുടെ ഒരു പ്രമാദമായ പ്രസ്താവന ഉണ്ടായിരുന്നു, 'ഇ.പി ജയരാജൻ കോടികൾ തന്നിട്ടാണ് ഞാൻ പരാതി കൊടുത്തതെന്ന്'. രാഷ്ട്രീയത്തിൽ നിന്ന് വളഞ്ഞ വഴിക്ക് കാശുണ്ടാക്കുന്നവർ അത് എന്ത് നീച പ്രവർത്തിക്കും ഉപയോഗിക്കും. ആ പാവം ജയരാജന്‍റെ ഇന്നത്തെ അവസ്ഥ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടി പറയുകയല്ല ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

മറ്റൊരു സംഭവം കൂടി പറയാം. എനിക്കെതിരെ ഈ പരാതി വന്നപ്പോൾ ഉടനെ എന്നെ വിളിക്കുന്നത് അന്നത്തെ ജയിൽ ഡി.ജി.പി ആയിരുന്ന സെന്‍കുമാര്‍ സാറാണ്. അദ്ദേഹം വിളിച്ചിട്ട് എനിക്ക് നൽകിയിട്ടുള്ള ഒരു ഉപദേശം ഇവിടെ പറയട്ടെ "ഈ പാരാതിയിൽ ഒരു എഫ്.ഐ.ആര്‍ പോലും എടുക്കരുത്, സുപ്രീംകോടതിയുടെ ശക്തമായ വിധിയുണ്ട്, നിർദ്ദേശം ഉണ്ട് " ലളിതകുമാരി v/s Govt of up case ൽ പറയുന്നത് ആറുമാസം മുമ്പുള്ള പരാതിയാണെങ്കിൽ, ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളാണ് പരാതിക്കാരിയെങ്കില്‍ എഫ്.ഐ.ആർ ഇടുന്നതിനു മുമ്പ് ക്വിക്ക് വെരിഫിക്കേഷൻ നടത്തണം" നിങ്ങൾ ആഭ്യന്തര മന്ത്രിയോട് സംസാരിക്കണം ... ആ നല്ല പൊലീസ് ഓഫീസറുടെ ഉപദേശം ഇവിടെ സ്മരിക്കുകയാണ്.

അന്ന് അദ്ദേഹവുമായി ഞാൻ വ്യക്തിപരമായ വലിയ പരിചയം പോലുമില്ല, പക്ഷേ അദ്ദേഹം എത്രമാത്രം നന്മയുള്ള മനുഷ്യനാണ് എന്ന് ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുകയാണ് അവസാനം ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഇത്തരം വാർത്തകൾ മാധ്യമങ്ങൾ വല്ലാതെ പൊലിപ്പിച്ചു കൊടുക്കുന്നതിനുള്ള വിമർശനം പൊതുവിലുണ്ട് പക്ഷേ എന്‍റെ അഭിപ്രായം മാധ്യമങ്ങളെ അങ്ങനെ പൂർണമായി കുറ്റപ്പെടുത്താൻ പറ്റില്ല. അത് നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തി മാത്രമല്ല, സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം മര്യാദാ പുരോഷാത്തമൻ ശ്രീരാമ ഭഗവാന്‍റെ നാടാണ് സീതാ ദേവി പോലും സംശയത്തിനതീതമാവണം, അതാണ് ധർമ്മം അതാണ് ഭാരതം നമ്മളെ പഠിപ്പിച്ചത്.

അതുകൊണ്ട് പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്കെതിരെ വിമർശങ്ങള്‍ വരുമ്പോൾ അത് സംശയാതീതമായി തെളിയിക്കപ്പെടണം. അവസാനം സത്യം വിജയിച്ചു. ആശ്വാസമായി.

Similar Posts