മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടിയുടെ മൊഴി
|ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ അജ്മൽ തന്റെ കയ്യിൽനിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും ശ്രീക്കുട്ടി മൊഴി നൽകി.
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രക്ഷപ്പെടാൻ വേണ്ടിയാണ് അജ്മൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ശ്രീക്കുട്ടി മൊഴി നൽകി.
ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ അജ്മൽ തന്റെ കയ്യിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്. തന്റെ കയ്യിൽനിന്ന് വാങ്ങിയ സ്വർണം തിരികെ ലഭിക്കാനാണ് അജ്മലിന്റെ ഒപ്പം നിന്നത്. അജ്മലിന് എട്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ ഓണാഘോഷം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടുപോയത്. ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇരുവരും അപകടമുണ്ടായതിന്റെ തലേദിവസം താമസിച്ചിരുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സിന്തറ്റിക് ഡ്രഗ്‌സ് അടക്കം കണ്ടെടുത്തിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്.